| Thursday, 2nd May 2019, 7:55 am

ബാബറി മസ്ജിദ്, കര്‍ക്കറെ പരാമര്‍ശം; പ്രജ്ഞാ സിംഗ് ഠാക്കൂറിനെ മൂന്ന് ദിവസത്തേക്ക് വിലക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് ഖേദമില്ലെന്ന മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂറിന്റെ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 72 മണിക്കൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് വിലക്കിക്കൊണ്ടാണ് നടപടി.

പ്രജ്ഞാ സിംഗ് ഠാക്കൂറിന് മൂന്നുദിവസം പ്രചാരണം നടത്താനാകില്ല. ഹേമന്ത് കര്‍ക്കറയെ അധിക്ഷേപിച്ചുള്ള പരാമര്‍ശങ്ങളിലും കമ്മീഷന്‍ നടപടി എടുത്തു.

ബാബറി മസ്ജിദ് തകര്‍ത്തതില്‍ എന്തിന് നാം പശ്ചാത്തപിക്കണം  ?  വാസ്തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണ്. രാമക്ഷേത്രത്തില്‍ ചില മാലിന്യങ്ങള്‍ ഉണ്ടായിരുന്നു. തങ്ങളത് നീക്കം ചെയ്തു. ശ്രേഷ്ഠമായ ഒരു രാമക്ഷേത്രം അവിടെ പടുത്തുയര്‍ത്തും. ഇത് നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തെ ഉയര്‍ത്തുമെന്നുമായിരുന്നു പ്രജ്ഞാ സിംഗിന്റെ പരാമര്‍ശം.

ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലെ ഈ പരാമര്‍ശം തെരഞ്ഞെടുപ്പു ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി കമ്മിഷന്‍ കാരണംകാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. മുംബൈ ഭീകരാക്രമണത്തിനിടെ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമാണെന്ന പ്രജ്ഞയുടെ അവകാശവാദം വിവാദമായിരുന്നു.

നേരത്തെ, വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നെങ്കിലും തന്റെ പരാമര്‍ശം അടര്‍ത്തിമാറ്റി ഉപയോഗിച്ചു എന്നായിരുന്നു അവരുടെ നിലപാട്. വിവാദ പരാമര്‍ശത്തില്‍ പ്രജ്ഞയ്‌ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഭോപ്പാലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരേയാണ് പ്രജ്ഞ മത്സരിക്കുന്നത്. 2008 ലെ മാലെഗാവ് സ്‌ഫോടനക്കേസില്‍ കുറ്റാരോപിതയായ പ്രജ്ഞ ജാമ്യത്തിലിറങ്ങിയാണ് മത്സരിക്കുന്നത്. മേയ് 12-നാണു ഭോപ്പാലില്‍ തെരഞ്ഞെടുപ്പ്.

We use cookies to give you the best possible experience. Learn more