കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പിനിടെ അക്രമം നടന്ന പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മൂന്ന് ദിവസത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദേശം.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നാളെ പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് പ്രചാരണം തീര്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമ സംഭവങ്ങളെ മുന്നില്‍ കണ്ട് കൂടുതല്‍ സായുധ സേനയെ ഇറക്കാനും കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നാല് ഘട്ടങ്ങളിലായി ഇനിയും നടക്കാനിരിക്കുന്ന വോട്ടെടുപ്പ് അക്രമങ്ങള്‍ കൂടാതെ പൂര്‍ത്തീകരിക്കാനായാണ് നടപടി.
തെരഞ്ഞെടുപ്പിനിടെ ഇന്ന് ബംഗാളിലെ കൂച്ച് ബിഹറില്‍ നടന്ന അക്രമ സംഭവങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. സായുധ സേനയുടെ 71 കൂടുതല്‍ കമ്പനികളെ വിന്യസിക്കണമെന്നാണ് ആവശ്യം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടാണ് സായുധ സേനയെ വിന്യസിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പട്ട് 1000ത്തോളം സായുധ സേനയുടെ കമ്പനികളെ ബംഗാളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് കൂടുതല്‍ ബെറ്റാലിയനെ വിന്യസിക്കാനുള്ള തീരുമാനം.
85ഓളം പേര്‍ വരുന്ന സംഘങ്ങളാണ് ഒരു കമ്പനിയില്‍ ഉണ്ടാവുക. ബി.എസ്.എഫ്, ഐ.ടി.ബി.പി, സി.ആര്‍.പി.എഫ്, എസ്.എസ്.ബി, സി.ഐ.എസ്.എഫ് എന്നീ സായുധ സേനകളാണ് സംഘത്തിലുണ്ടാവുക.
തെരഞ്ഞെടുപ്പിനിടെ കൂച്ച് ബീഹറിലെ പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ ആക്രമണത്തിന് പിന്നാലെയാണ് സായുധ സേന സംഘര്‍ഷത്തിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ബി.ജെ.പിയെയും വിമര്‍ശിച്ച് തൃണമൂല്‍ രംഗത്തെത്തിയിരുന്നു. അതേസമയം ആക്രമണങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക