മനേകാ ഗാന്ധിക്കും അസംഖാനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
D' Election 2019
മനേകാ ഗാന്ധിക്കും അസംഖാനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 10:11 pm

ന്യൂദല്‍ഹി: ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിക്കെതിരെയും എസ്.പി നേതാവ് അസംഖാനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മനേകാ ഗാന്ധിക്ക് രണ്ട് ദിവസവും അസംഖാന് മൂന്ന് ദിവസവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉത്തര്‍പ്രദേശിലെ മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചതിനാലാണ് കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കെതിരെ കമ്മീഷന്‍ നടപടി എടുത്തത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

തനിക്കു വോട്ടു ചെയ്തില്ലെങ്കില്‍ മുസ്ലീങ്ങള്‍ അവരുടെ ആവശ്യവുമായി തന്നെ സമീപിച്ചാല്‍ പരിഗണിക്കില്ലെന്ന പരാമര്‍ശത്തിലാണ് മനേകാ ഗാന്ധിക്കെതിരെ നടപടി എടുത്തത്.

‘ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്ലീങ്ങളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്നത്തിലാവും. ഏതെങ്കിലും മുസ്ലിം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? (ചിരിക്കുന്നു) . ‘ എന്നായിരുന്നു മനേകാ ഗാന്ധിയുടെ വിവാദ പരാമര്‍ശം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ കൂടിനിന്ന മുസ്ലീങ്ങളോടാണ് മനേക ഗാന്ധി ഇത്തരത്തില്‍ സംസാരിച്ചത്.

ബി.ജെ.പി സ്ഥാനാര്‍ഥി ജയപ്രദക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തിലാണ് അസംഖാനെതിരെ നടപടി എടുത്തത്.

രാഷ്ട്രീയം ഇത്രത്തോളം തരം താഴുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.. പത്ത് വര്‍ഷക്കാലം ആ വ്യക്തി രാംപുരിന്റെ രക്തം ഊറ്റിക്കുടിച്ചു..ഞാനാണ് അയാളെ കൈപിടിച്ച് രാംപുരിലേക്ക് കൊണ്ടുവന്നത്. ഇവിടുത്തെ ഓരോ തെരുവും അവര്‍ക്ക് പരിചിതമാക്കിയത്.. ആരും അവരെ തൊടാനോ മോശം വാക്കുകള്‍ പറയാനോ ഞാന്‍ അനുവദിച്ചിരുന്നില്ല.. ആ വ്യക്തിയെ പത്ത് വര്‍ഷം നിങ്ങളുടെ പ്രതിനിധിയാക്കി.. പക്ഷെ ആ വ്യക്തിയുടെ യഥാര്‍ഥ മുഖം മനസിലാക്കാന്‍ നിങ്ങള്‍ 17 വര്‍ഷമെടുത്തു. എന്നാല്‍ അവരുടെ ഉള്ളില്‍ കാക്കി അടിവസ്ത്രമാണുള്ളതെന്ന് ഞാന്‍ 17 ദിവസങ്ങള്‍ കൊണ്ട് തന്നെ മനസിലാക്കി’. എന്നായിരുന്നു അസം ഖാന്റെ വിവാദ പരാമര്‍ശം

അതേസമയം കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സമാജ് വാദി നേതാവ് അസം ഖാന്‍ പറഞ്ഞിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിക്കപ്പെട്ടതാണെന്നും ജയപ്രദയെ അപമാനിക്കുന്ന തരത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുമെന്നുമാണ് ഖാന്‍ അറിയിച്ചിരിക്കുന്നത്.

രാംപുര്‍ മണ്ഡലത്തില്‍ അസം ഖാനെതിരെ ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത് അഭിനേത്രി കൂടിയായ ജയപ്രദയെയാണ്.