ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത 72 മണിക്കൂറിനുള്ളില്‍(മൂന്ന് ദിവസത്തിനുള്ളില്‍) പോസ്റ്ററുകളും ഹോര്‍ഡിംഗ്‌സും നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം.
കൊവിഡ് വാക്‌സിനേഷന്‍ പ്രചാരണത്തിലും പെട്രോള്‍ പമ്പുകളിലും മോദിയുടെ ചിത്രമുള്‍പ്പെടുന്ന ഹോര്‍ഡിംഗ്‌സുകള്‍ വ്യാപകമായതിനെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരാതിയുമായി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രങ്ങളുള്‍പ്പെടെയുള്ള പോസ്റ്ററുകള്‍ നീക്കം ചെയ്യാനും കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലേയും തെരഞ്ഞെടുപ്പ് തീയതികള്‍ ഫെബ്രുവരി 26ന് പ്രഖ്യാപിച്ചിരുന്നു.
ആസാമില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തും. ആദ്യ ഘട്ടം മാര്‍ച്ച് 27ന്. മേയ് 2നായിരിക്കും വോട്ടെണ്ണല്‍. 47 മണ്ഡലങ്ങളിലേക്കാണ് ആകെ തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടം ഏപ്രില്‍ 1നും മൂന്നാംഘട്ടം ഏപ്രില്‍ 6നും നടക്കും.
പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. ഏപ്രില്‍ ആറിനായിരിക്കും തെരഞ്ഞെടുപ്പ്.
കൊവിഡ് സാഹചര്യത്തില്‍ കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ സജീകരിക്കും. അഞ്ചിടത്തായി 2.7 ലക്ഷം പോളിംഗ് ബൂത്തുകളാണ് ഉണ്ടാവുക. 18.86 കോടി വോട്ടര്‍മാര്‍ ആണ് അഞ്ചിടങ്ങളിലായി ഉള്ളത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കേരളത്തില്‍ 40,771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ഒരു മണിക്കൂര്‍ വരെ പോളിംഗ് ടൈം കൂട്ടാന്‍ പറ്റും. 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
നോമിനേഷന് നല്‍കുന്നതിനായി സ്ഥാനാര്‍ത്ഥിയുടെ കൂടെ രണ്ട് ആളുകള്‍ മാത്രമേ പാടുള്ളുവെന്നും കമ്മീഷന്‍ അറിയിച്ചു. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രമേ പാടുള്ളുവെന്നും കമ്മീഷന്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: EC asks petrol pumps to remove hoardings with PM Modi’s photos within 72 hours