| Friday, 19th September 2014, 9:50 am

എബോള വൈറസ് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണി: ബാന്‍ കി മൂണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ജനീവ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന എബോള വൈറസ് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് ഐക്യരാഷ്ട്ര സംഘടന. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് അടിയന്തിര യു.എന്‍ ദൗത്യത്തിന് തുടക്കം കുറിക്കുകയാണെന്നും യു.എന്‍ അറിയിച്ചു.

ഓരോ മൂന്ന് ആഴ്ച കൂടുമ്പോളും എബോള ബാധിക്കുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. ഇതുവരെ 2600-ല്‍ അധികം ആളുകളാണ് എബോള ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചത്. വര്‍ധിക്കുന്ന മരണ നിരക്ക് ആശങ്കപ്പെടുത്തുവെന്നും ഇതിനെതിരെ പോരാടാന്‍ ലോകം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

എബോളയെ നേരിടാന്‍  ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാനുമായി ചേര്‍ന്ന് അന്താരാഷ്ട്ര കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുമെന്നും എബോള നാശം വിതക്കുന്ന ലൈബീരിയ, സിയറ ലിയോണ്‍, ഗിനിയ എന്നീ രാജ്യങ്ങള്‍ക്ക് സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ സഹായവും നല്‍കുമെന്നും ഐക്യരാഷ്ട്ര സംഘടന അറിയിച്ചു.

നൈജീരിയ, സിനിഗല്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലും എബോള പടര്‍ന്നു പിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ രാജ്യങ്ങളില്‍ വൈറസിനെക്കുറിച്ചുള്ള അവബോധ ക്യാംപുകള്‍ സംഘടിപ്പിക്കുവാനും യു.എന്‍ ലക്ഷ്യമിടുന്നുണ്ട്. കര്‍മ്മപദ്ധതിയുടെ നടത്തിപ്പിനായി അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഉള്‍പ്പെടെ അന്താരാഷ്ട്ര നേതാക്കളുമായി ചര്‍ച്ച നടത്തിയതായി ബാന്‍ കി മൂണ്‍ പറഞ്ഞു.

എബോള ബാധിത രാജ്യങ്ങളിലേക്ക് പ്രധാന വിമാന കമ്പനികള്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more