| Thursday, 4th September 2014, 6:30 pm

എബോള: മരണസംഖ്യ 1,900 കടന്നതായി ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ജനീവ: എബോള വൈറസ് രോഗബാധിതരായി 1,900ലധികം പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന. എബോള പൊട്ടിപ്പുറപ്പെട്ട പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, സിയറ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളിലായി 3500 ഓളം ആളുകള്‍ ഗുരുതരാവസ്ഥയിലാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ഈ രാജ്യങ്ങളില്‍ നിയന്ത്രണാതീതമായാണ് എബോള പടര്‍ന്നു പിടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥ മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു. ലോകം ഇന്നേവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഭീകരവും തീവ്രവും സങ്കീര്‍ണവുമായ രോഗമാണ് എബോളയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എബോളയെ കീഴടക്കാനുള്ള മരുന്നുകളും ചികിത്സാരീതികളും വിലയിരുത്താനും ഇവയുടെ ഉത്പാദനം കാര്യക്ഷമമാക്കാനുമുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ലോകാരോഗ്യ സംഘടനയുടെ ഉന്നത തല യോഗം വ്യാഴാഴ്ച ചേരും. മെഡിക്കല്‍ ഗവേഷകരും, രോഗ നിയന്ത്രണ വിദഗ്ധരും, എബോള ബാധിത രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ആരോഗ്യ രംഗത്തെ പ്രമുഖരുമെല്ലാം ജനീവയിലെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

വൈറസിനെതിരെ പോരാടാന്‍ 600 മില്ല്യണ്‍ ഡോളര്‍ വേണ്ടിവരുമെന്നും 20,000ലധികം പേര്‍ എബോള ബാധിതരായി ദുരിതമനുഭവിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ 40 ശതമാനത്തിലധികം ആളുകള്‍ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആഫ്രിക്കതന്‍ രാജ്യമായ നൈജീരിയയിലെ പോര്‍ട്ട് ഹാര്‍ക്കോട്ട് സിറ്റിയില്‍ രണ്ട് എബോള കേസുകളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more