| Thursday, 2nd October 2014, 11:27 am

എബോള: മരണനിരക്ക് 3300 കവിഞ്ഞതായി ലോകാരോഗ്യ സംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ജനീവ: പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്ന എബോള വൈറസ് ബാധിച്ച് ഇതുവരെ 3338 പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടന. 7,178 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും സംഘടന വ്യക്തമാക്കി.

എബോള നാശം വിതക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, സിയറ ലിയോണ്‍, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിയന്ത്രണാതീതമായി രോഗം പടര്‍ന്നു പിടിക്കുന്നതായും യു.എന്‍ അറിയിച്ചു. ലൈബീരിയയില്‍ മാത്രം 1,998 പേരാണ് എബോള ബാധിതരായി ഇതുവരെ മരണപ്പെട്ടത്.

ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍ പ്രകാരം 3091 പേരാണ് എബോള ബാധിച്ച് മരണമടഞ്ഞത്.  6,574 പേര്‍ ക്കായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. നവംബറോടെ 20,000ലധികം പേര്‍ക്ക് എബോള ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആഴ്ച്ചകള്‍ തോറും വര്‍ധിച്ചു വരുന്ന മരണ നിരക്കുകള്‍ ആശങ്കപ്പെടുത്തുകയാണെന്നും എബോളക്കെതിരെ ശക്തമായി പോരാടുമെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു. അതേസമയം ആഫ്രിക്കയില്‍ പടര്‍ന്നു പിടിക്കുന്ന എബോള രോഗം അമേരിക്കയില്‍ ആദ്യമായി സ്ഥിരീകരിച്ചതായി യു.എസ് ആരോഗ്യ അധികൃതര്‍ അറിയിച്ചു.

ലൈബീരിയ സന്ദര്‍ശനത്തിനു ശേഷം യു.എസില്‍ മടങ്ങിയെത്തിയ വ്യക്തിയിലാണ് എബോള വൈറസ് ബാധ സ്ഥിരീകരിച്ചത്. ആഫ്രിക്കയില്‍ നിന്ന് ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പടര്‍ന്നു പിടിക്കുന്ന എബോള നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്
ടെക്‌സാസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more