അന്തരീക്ഷമലിനീകരണത്തിനും ഇന്ധനച്ചെലവിനും ഗുഡ്ബൈ..ഭാഗ്യമുണ്ടെങ്കിൽ ഇത്തവണത്തെ ഓണ പർച്ചേസ് ഇലക്ട്രിക് ഓട്ടോയിലാക്കാം.സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ നെയ്യാറ്റിൻകര പ്ലാന്റിലാണ് ഇലക്ട്രിക്ക് ഓട്ടോയുടെ നിർമാണം.ജൂൺ മാസത്തിലാണ് വാണിജ്യാടിസ്ഥാനത്തിൽ ഇ-ഓട്ടോ നിർമിക്കാനുള്ള കേന്ദ്രാനുമതി കെഎഎല്ലിന് ലഭിച്ചത്. ഒരു വർഷത്തിനകം 15,000 ഓട്ടോകൾ നിരത്തിലിറക്കാനാണ് കമ്പനിയുടെ ലക്ഷ്യം.’കേരള നീം ജി’ എന്നാവും ഓട്ടോയുടെ പേര്.
അന്തരീക്ഷം ശുദ്ധം,പോക്കറ്റും ഹാപ്പി
ഇന്ധനച്ചെലവിന്റെ തലവേദന ഒഴിവാകും.ഒരു കിലോമീറ്റർ ഓടാൻ കേവലം 50 പൈസയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ഒറ്റ തവണത്തെ റീച്ചാർജിൽ 100 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.ശബ്ദമലിനീകരവണവും കാര്‍ബണ്‍ മലിനീകരണവും കുറവായിരിക്കും.
രണ്ടര ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. സബ്സിഡി കൂടി ലഭിക്കുന്നതോടെ രണ്ടുലക്ഷത്തിന് വിപണിയില്‍ വില്‍ക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം 8000 ഓട്ടോറിക്ഷകള്‍ പുറത്തിറക്കും.അന്തരീക്ഷമലിനീകരണത്തിന്റെ പേരിൽ നിയന്ത്രണം ശക്തമാകുമ്പോൾ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ സാധ്യതയുണ്ട്.
കാഴ്ചയിലും വലിപ്പത്തിലും സാധാരണ ഓട്ടോറിക്ഷകളെപ്പോലെ തന്നെയാണ് കേരള നീംജിയും. പിറകില്‍ മൂന്ന് പേര്‍ക്ക് ഇരിക്കാം. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ വി മോട്ടോറുമാണ് ഉപയോഗിക്കുന്നത്. ബാറ്ററി പൂർണമായി ചാർജാവാൻ നാലു മണിക്കൂറിൽ താഴെ സമയം മതി.സാധാരണ ത്രീ പിന് പ്ലഗ് ഉപയോഗിച്ചും ബാറ്ററി റീച്ചാര്‍ജ് ചെയ്യാം. കയറ്റങ്ങളുള്ള ഭൂപ്രകൃതിക്കായി പ്രത്യേക പവര്ഗിയറും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.
സർക്കാരിന്റെ ഇ-വെഹിക്കിൾ നയത്തിന്റെ ഭാഗമായാണ് ഇ-ഓട്ടോ വരുന്നത്.പരീക്ഷണ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഇലക്ട്രിക്ക് ഓട്ടോ വിശദമായ പരിശോധന നടത്തിയ ശേഷമാണ് വാണിജ്യ അടിസ്ഥാനത്തില്‍ ഉത്പാദിപ്പാക്കാനുള്ള അനുമതി ലഭിച്ചത്. പത്തിലേറെ ഘട്ടം നീണ്ട പരിശോധനയിൽ നിർമാണത്തിന് ഉപയോഗിച്ച ഓരോ ഘടകങ്ങളും വിശദമായി പരിശോധിച്ചു. ഇലക്ട്രിക്കൽ മോട്ടോർ, കൺട്രോളർ, ബാറ്ററി തുടങ്ങിയവയെല്ലാം പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. മലിനീകരണം, റേഡിയേഷൻ എന്നീ പരിശോധനകളിലും വിജയിച്ചു.
ആറുമാസം മുമ്പുതന്നെ ഇ- ഓട്ടോയുടെ പ്രോട്ടോ ടൈപ്പ് കെഎഎൽ നിർമിച്ചിരുന്നു. കെഎഎല്ലിലെ വിദഗ്ധരും തൊഴിലാളികളുമാണ് രൂപകൽപ്പനയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഭാവിയിൽ ഇ ഓട്ടോറിക്ഷകൾക്ക് മാത്രമേ പെർമിറ്റ് നൽകൂ. ഇലക്ട്രിക്ക് ഓട്ടോറിക്ഷയ്ക്ക് പിന്നാലെ ഇലക്ട്രിക്ക് ബസുകളുടെ നിര്‍മ്മാണരംഗത്തേക്കും കേരള ഓട്ടോമൊബൈല്‍സ് ചുവടുവെയ്ക്കും.