നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ പൊണ്ണത്തടിയുണ്ടാക്കുമെന്നറിയാം. എന്നാല്‍ ഭക്ഷണം ഏതൊക്കെ സമയങ്ങളിലാണ് കഴിക്കുന്നത് എന്നതിനും പ്രാധാന്യമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
വിശ്രമിക്കുന്ന സമയത്ത് നമ്മള്‍ ഒരുപാട് ഭക്ഷണം കഴിച്ചാല്‍ പൊണ്ണത്തടിയുണ്ടാവാനുള്ള സാധ്യതയുണ്ട്. ഇതേ ഭക്ഷണം തന്നെ ജോലിയുടെ ഇടവേളകളില്‍ കഴിക്കുകയാണെങ്കില്‍ പ്രശ്‌നമൊന്നുമുണ്ടാവില്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
എലികളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. എലികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നല്‍കിയ അതേ അളവ് ഭക്ഷണം വിശ്രമവേളയില്‍ നല്‍കിയപ്പോള്‍ അതിന് ഭാരം കൂടുന്നതായി കണ്ടെത്തി.
നെതര്‍ലാന്റിലെ ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റി അക്കാദമി മെഡിക്കല്‍ സെന്ററിലെ സുസെന്‍ ലാ ഫ്‌ള്യൂര്‍, ആന്‍ഡ്രീസ് കാല്‍സ്ബീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
ഷുഗര്‍, ഫാറ്റ് തുടങ്ങി ഭക്ഷണത്തിലുണ്ടാവുന്ന ചിലഘടകങ്ങള്‍ വ്യത്യസ്ത സമയങ്ങള്‍ വിഭിന്ന രീതിയിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. വിശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഷുഗര്‍ ശരീരത്തിലെത്തുന്നത് ഭാരം കൂടാന്‍ കാരണമാകുമെന്നും ഇവര്‍ കണ്ടെത്തി.
ഇന്നത്തെ കാലത്ത് സ്‌നാക്‌സും ശീതളപാനീയങ്ങളും ആളുകള്‍ ഒരുപാട് കഴിക്കുന്നുന്നു. എന്നാല്‍ ഇവ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അധികമാരും പരിശോധിച്ചിട്ടില്ല. ഇവയില്‍ പലതിലും ധാരാളം അടങ്ങിയിട്ടുള്ള ഷുഗറാണ് പൊണ്ണത്തടിയുണ്ടാക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.