| Tuesday, 10th May 2016, 9:42 pm

ഹൃദ്രോഗവും പ്രമേഹവും തടയാന്‍ ചോക്ലേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിശ്വസിക്കാന്‍ കുറച്ച് പാടാണ് പക്ഷെ സംഗതി സത്യമാണ്, ദിവസവും ചെറിയ അളവില്‍ ചോക്കളേറ്റ് കഴിച്ചാല്‍ പ്രമേഹം മാത്രമല്ല, ഹൃദ്രോഗത്തിനുള്ള സാധ്യതയും കുറയും. പ്രമേഹത്തെയും ഇന്‍സുലിന്‍ പ്രതിരോധത്തെയും കുറയ്ക്കാന്‍ ചോക്കളേറ്റിനാകും എന്നു കണ്ടെത്തിയത് ഓസ്‌ട്രേലിയയിലെ ഒരു സംഘം ഗവേഷകരാണ്.

18 മുതല്‍ 69 വയസു വരെ പ്രായമുള്ള 1153 പേരിലാണ് പഠനം നടത്തിയത്. ദിവസവും 100 ഗ്രാം ചോക്കളേറ്റ്, അതായത് ഒരു ബാറിനു തുല്യം കഴിക്കുന്നവര്‍ക്ക് ഇന്‍സുലിന്‍ പ്രതിരോധം കുറഞ്ഞതായും കരളിലെ എന്‍സൈമുകള്‍ മെച്ചപ്പെട്ടതായും കണ്ടു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഒരു പ്രധാന കാരണം തന്നെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി ആണ്.

മുതിര്‍ന്ന ആളുകളുടെ ജീവിതശൈലി, ഭക്ഷണശീലങ്ങള്‍, ചായയുടെയും കാപ്പിയുടെയും ഉപയോഗം ഉള്‍പ്പടെയുള്ള ഭക്ഷണശീലങ്ങളും അപഗ്രഥിച്ചു. ചായയിലും കാപ്പിയിലും ധാരാളം പോളിഫിനോളുകള്‍ അടങ്ങിയിട്ടുണ്ട്. ചോക്കളേറ്റിന് ഹൃദയപ്രവര്‍ത്തനങ്ങളെ സ്വാധീനിക്കിനാകുന്നതും അതിലടങ്ങിയ പോളിഫിനോളുകള്‍ കാരണമാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ കൊക്കോ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഗുണം ചെയ്യുമെന്ന് പഠനം നടത്തിയ പ്രൊഫ. സവേരിയോ സ്‌ട്രെന്‍ജന്‍സ് പറയുന്നു. ചോക്കളേറ്റ് ഉള്‍പ്പടെയുള്ള ഫൈറ്റോ കെമിക്കലുകള്‍ ധാരാളമടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ മിതമായ അളവില്‍ ദിവസവും കഴിക്കുന്നതു നല്ലതാണ്.

കൊക്കോയുടെ നാച്ചുറല്‍ ഉല്‍പ്പന്നങ്ങളും സംസ്‌കരിച്ചവയും തമ്മില്‍ വേര്‍തിരിച്ചറിയണമെന്നും സംസ്‌കരിച്ച ഭക്ഷണത്തില്‍ ഊര്‍ജ്ജം അധികം അടങ്ങിയിട്ടുണ്ടാകുമെന്നും പഠനം പറയുന്നു.

ആരോഗ്യത്തിനു ഹാനികരമായ രീതിയില്‍ ശരീരഭാരം കൂടാതിരിക്കാന്‍, ചോക്കളേറ്റ് കഴിക്കുന്നതോടൊപ്പം വ്യായാമം, ഭക്ഷണം, മറ്റു ജീവിതശൈലീ ഘടകങ്ങള്‍ എന്നിവയെല്ലാം ശ്രദ്ധയോടെ നിയന്ത്രിക്കണമെന്നും പഠനത്തില്‍ പറയുന്നു.
പഠനത്തില്‍ പങ്കെടുത്ത 80 ശതമാനം പേരും ദിവസവും ശരാശരി 24.8 ഗ്രാം ചോക്കളേറ്റ് കഴിക്കുന്നവരായിരുന്നു. ഇവര്‍ ചോക്കളേറ്റ് കഴിക്കാത്തവരെക്കാള്‍ ചെറുപ്പവും ഊര്‍ജ്ജസ്വലത ഉള്ളവരും ആയിരുന്നു.

ലക്‌സംബര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, യൂണിവേഴ്‌സിറ്റി ഓഫ് വാര്‍വിക് മെഡിക്കല്‍ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയ, യൂണിവേഴ്‌സിറ്റി ഓഫ് മെയ്ന്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ സംയുക്തമായാണ് ഈ പഠനം നടത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more