ദിവസം 42 ഗ്രാം ബദാം പരിപ്പ് കഴിക്കുന്നത് ആരോഗ്യകരമായ ഡയറ്റിന് അത്യാവശ്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പെന്‍സില്‍വാലിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ക്ലെയര്‍ ബെറിമാന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.
കാര്‍ബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്ന ആഹാരങ്ങള്‍ക്ക് പകരമായി ബദാം ഉപയോഗിക്കാനാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. ഇത് മെറ്റബോളിക്, കാര്‍ഡിയോ വാക്‌സുലാര്‍ രോഗങ്ങള്‍ തടയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പൊണ്ണത്തടിയുള്ള 52 പേരില്‍ നടത്തിയ ഗവേഷണങ്ങളില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്. ചീത്ത കൊളസ്‌ട്രോള്‍ അധികമുള്ളവരെയാണ് ഇതിനു തിരഞ്ഞെടുത്തത്.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഡയറ്റാണ് ഇവര്‍ക്കു നല്‍കിയത്. ഒരു ഗ്രൂപ്പിന് 42 ഗ്രാം ബദാം പരിപ്പും, മറ്റേഗ്രൂപ്പിന് അതേ കലോറി പ്രദാനം ചെയ്യുന്ന ഒരിനം കേക്കും നല്‍കി. ബദാം നല്‍കിയവരുടെ ഉദരാശയത്തിലെ കൊഴുപ്പ് കുറഞ്ഞതായി കണ്ടെത്തുകയായിരുന്നു.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.