| Monday, 19th February 2018, 11:02 pm

'ബീഫ് കഴിച്ചോളൂ; ബീഫ് ഫെസ്റ്റുകള്‍ എന്തിന്?'ചുംബനസമരത്തേയും ബീഫ് ഫെസ്റ്റിനേയും വിമര്‍ശിച്ച് ഉപരാഷ്ട്രപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബീഫ് ഫെസ്റ്റിവലിനേയും ചുംബനസമരത്തേയും വിമര്‍ശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മുംബൈയില്‍ ആര്‍.എ. പോദാര്‍ കോളേജ് ഓഫ് കൊമേഴ്സില്‍ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഉപരാഷ്ട്രപതി “ബീഫ് കഴിച്ചോളൂ; ബീഫ് ഫെസ്റ്റുകള്‍ എന്തിന്?” എന്ന ചോദ്യം ഉന്നയിച്ചത്.

“നിങ്ങള്‍ ബീഫ് കഴിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ കഴിക്കണം. പക്ഷെ ബീഫ് കഴിക്കാന്‍ വേണ്ടി എന്തിനാണ് ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത്? അതുപോലെ, ചുംബിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചുംബിക്കണം. അല്ലാതെ ചുംബന ഉത്സവം നടത്തുകയോ മറ്റാരുടെയെങ്കിലും അനുമതി വാങ്ങിക്കുകയോ വേണോ?” -ഉപരാഷ്ട്രപതി ചോദിച്ചു.

പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ ആരാധിക്കുന്നതിനേയും വെങ്കയ്യ നായിഡു നിശിതമായി വിമര്‍ശിച്ചു. പാര്‍ലമെന്റ് തകര്‍ക്കാന്‍ ശ്രമിച്ചയാളാണ് അഫ്‌സല്‍ ഗുരുവെന്ന് അദ്ദേഹം പറഞ്ഞു.

ബീഫ് കഴിക്കുന്നവര്‍ക്കെതിരായ അക്രമങ്ങളിലും കേന്ദ്രത്തിന്റെ ബീഫ് നിരോധനത്തിനുമെതിരെ ബീഫ് ഫെസ്റ്റുകള്‍ നടന്നിരുന്നു. പ്രധാനമായും കേരളത്തിലാണ് ബീഫ് ഫെസ്റ്റുകള്‍ നടന്നത്. മദ്രാസ് ഐ.ഐ.ടി ക്യാംപസിനുള്ളിലും ബീഫ് ഫെസ്റ്റ് നടന്നിരുന്നു.

നേരത്തേയും വെങ്കയ്യ നായിഡു ബീഫ് വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഏതു ഭക്ഷണം കഴിക്കണം എന്നത് വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും താന്‍ മാംസം കഴിക്കുന്നയാളാണെന്നുമാണ് അദ്ദേഹം മുന്‍പ് പറഞ്ഞത്.

Latest Stories

We use cookies to give you the best possible experience. Learn more