വത്തിക്കാന്‍: വത്തിക്കാന്‍ ഭരണകൂടത്തിനെതിരെ പകര്‍പ്പവകാശ നിയമപ്രകാരം പരാതി നല്‍കി ചിത്രകാരി. റോം സ്വദേശിയായ സ്ട്രീറ്റ് ആര്‍ട്ടിസ്റ്റ് അലീസിയ ബാബ്‌റോവാണ് വത്തിക്കാനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
2019ല്‍ വത്തിക്കാനിലെ ഒരു പാലത്തിനടുത്ത് താന്‍ വരച്ച യേശുവിന്റെ രൂപമാണ് 2020ല്‍ വത്തിക്കാന്‍ പുറത്തിറക്കിയ ഈസ്റ്റര്‍ സ്റ്റാമ്പുകളില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് അലീസിയ പറയുന്നു. അലീസിയ രൂപകല്‍പന ചെയ്ത പ്രത്യേക തരം ഹൃദയത്തിന്റെ രൂപമാണ് ഈസ്റ്റര്‍ സ്റ്റാമ്പുകളിലെ യേശുവിന്റെ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
അലീസിയയുടെ അറിവോ അനുവാദമോ കൂടുതെയാണ് സ്റ്റാമ്പുകളില്‍ ഇവരുടെ വര്‍ക്കിന്റെ പകര്‍പ്പ് ഉപയോഗിച്ചിരിക്കുന്നത്. ഇവ വില്‍ക്കുകയും ചെയ്തുവെന്നും അലീസിയ ആരോപിക്കുന്നു. മാത്രമല്ല, താന്‍ ആ ആര്‍ട്ട് വര്‍ക്കിലൂടെ ഉദ്ദേശിച്ച ലക്ഷ്യങ്ങളെ കൂടി വത്തിക്കാന്‍ ലംഘിച്ചിരിക്കുകയാണെന്നും അലീസിയ പറഞ്ഞു.
2013ല്‍ അലീസിയ ആരംഭിച്ച Just Use It എന്ന ക്യാമ്പെയ്‌നിന്റെ ഭാഗമായാണ് തെരുവുകളില്‍ വിവിധ മതവിഭാഗങ്ങളുടെ ആരാധനാമൂര്‍ത്തികളില്‍ Just Use It എന്ന ഗ്രാഫിറ്റി ഹൃദയരൂപത്തില്‍ ഡിസൈന്‍ ചെ്‌യിരുന്നത്. ബുദ്ധന്റെയും വിഘ്‌നേശ്വരന്റെയും മേരിയുടെയുമെല്ലാം ചിത്രങ്ങള്‍ റോമിലെ തെരുവുകളില്‍ കാണാം. ഇതിന്റെ ഭാഗമായി 2019 ഫെബ്രുവരിയില്‍ അലീസിയ ചെയ്ത യേശുവിന്റെ ആര്‍ട്ട് വര്‍ക്കിലെ ഹൃദയത്തിന്റെ രൂപമാണ് വത്തിക്കാന്റെ സ്റ്റാമ്പുകളിലുള്ളത്.
നഷ്ടപരിഹാരമായി 1,30,000 യൂറോ നല്‍കണമെന്നാണ് അലീസിയയുടെ ആവശ്യം. തുക നല്‍കുകയാണെങ്കില്‍ കേസ് അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് താന്‍ അറിയിച്ചിരുന്നെന്നും എന്നാല്‍ തന്റെ പരാതിയോടോ അനുനയ ശ്രമങ്ങളോടോ വത്തിക്കാന്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് അലീസിയ പറയുന്നു.
‘എനിക്ക് ശരിക്കും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. എന്തോ തമാശയാണെന്നായിരുന്നു ഞാന്‍ ആദ്യം കരുതിയിരുന്നത്. കാരണം ചില പ്രസ്ഥാനങ്ങളില്‍ നിന്ന് നമ്മള്‍ ചില കാര്യങ്ങള്‍ പ്രതീക്ഷിക്കുകയേ ഇല്ലല്ലോ,’ അലീസിയ അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വത്തിക്കാന്‍ അധികൃതരെ പ്രതികരണത്തിനായി സമീപിച്ചിരുന്നെങ്കിലും അവര്‍ തയ്യാറായില്ലെന്ന് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Easter Stamp design, copyright complaint against the Vatican