കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ ചര്‍ച്ചുകളിലേയും ടൂറിസ്റ്റ് ഹോട്ടലുകളിലേയും സ്ഫോടനങ്ങള്‍ ശ്രീലങ്കന്‍ ചാര സംഘടനയുടെ അറിവോടെയെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രഹസ്യാന്വേഷണ വിഭാഗത്തിലെ ചിലരുടെ അറിവോടെയാണെന്ന ആരോപണം ശക്തമായതോടെയാണ് ലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ അന്വേഷണം പ്രഖ്യാപിച്ചത്.
2019ലെ ഈസ്റ്റര്‍ ദിനത്തിലാണ് 260ല്‍ അധികം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനങ്ങള്‍ നടന്നത്. ബോംബാക്രമണം സര്‍ക്കാര്‍ കൈകാര്യം ചെയ്തതിലെ വീഴ്ചയില്‍ ആശങ്ക അറിയിച്ച് ശ്രീലങ്കയിലെ കത്തോലിക്കാ സഭ ചൊവ്വാഴ്ച പ്രസിഡന്റിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്റ് അന്വേഷണം പ്രഖ്യാപിക്കുന്നത്.
ഈസ്റ്റര്‍ ദിനത്തില്‍ ആക്രമണമുണ്ടാകുമെന്ന് ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്ത ശ്രീലങ്കന്‍ സര്‍ക്കാറിനെ കത്തോലിക്കാ സഭ നേരത്തെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണ് ശ്രീലങ്കയിലെ സ്ഫോടനപരമ്പരയുടെ ഉത്തരവാദികളെന്ന് ശ്രീലങ്കന്‍ അധികൃതര്‍ ആരോപിച്ചിരുന്നത്. അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.