| Sunday, 28th April 2019, 8:54 am

ശ്രീലങ്കയിലെ സ്‌ഫോടനം: രണ്ട് ഭീകര സംഘടനകളെ നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൊളംബോയില്‍ സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ രണ്ട് ഭീകര സംഘടനകളെ നിരോധിച്ചു

നാഷണല്‍ തൗഹീദ് ജമാഅത്ത്(എന്‍.ടി.ജെ), ജമാഅത്തെ മില്ലത്ത് ഇബ്രാഹിം എന്നീ സംഘടനകളെയാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന നിരോധിച്ചത്. സ്‌ഫോടനം നടന്ന് ഒരാഴ്ച്ചക്ക് ശേഷമാണ് സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സംഘടനകളെ നിരോധിക്കുന്നത്.

ഈ സംഘടനകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും അവരുടെ വസ്തുവകകളും കണ്ടുകെട്ടുമെന്നും പ്രസിഡന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു സംശയിക്കുന്ന സഹറാന്‍ ഹഷിമാണ് എന്‍.ടി.ജെയുടെ സ്ഥാപകന്‍. ജമാഅത്തെ മില്ലത്ത് ഇബ്രാഹിമിലെ അംഗങ്ങളും ആക്രമണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്.

ആക്രമണവുമായി ബന്ധപ്പെട്ട് സിറിയ, ഈജിപ്ത് എന്നിവിടങ്ങളില്‍നിന്നുള്ള വിദേശികളടക്കം നൂറോളം പേരെ ഇതിനകം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശ്രീലങ്കയില്‍ ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് വിവിധ ആരാധനാലയങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളിലും സ്ഫോടനമുണ്ടായത്.സ്‌ഫോടനത്തില്‍ 359 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഭീകരാക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് നടത്തിയ തെരച്ചിലിനിടെയും ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഐ.എസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന 140 പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നിലവില്‍ തുടര്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാവാതിരിക്കാനും ആരാധനാലയങ്ങള്‍ക്ക് സുരക്ഷയൊരുക്കാനും പതിനായിരത്തോളം സൈനികരെയാണ് വിവിധ കേന്ദ്രങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. നിലവില്‍ 76 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ സിറിയ ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടും.

സുരക്ഷാ പ്രശ്നമുള്ളതിനാല്‍ പള്ളികളില്‍ പോകാതെ വീടുകളില്‍ നിന്ന് പ്രാര്‍ത്ഥന നടത്തണമെന്ന് രാജ്യത്തെ മുസ്ലിംങ്ങള്‍ക്കും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

We use cookies to give you the best possible experience. Learn more