മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ വ്യക്തിയാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍. ചലച്ചിത്ര നിര്‍മാണം, സംവിധാനം, ഗാനരചന എന്നിങ്ങനെയുള്ള മേഖലയിലെല്ലാം പ്രവര്‍ത്തിച്ച ആളാണ് അദ്ദേഹം.
നിനക്കായ് തോഴി പുനര്‍ജനിക്കാം, ഓര്‍മക്കായ് ഇനിയൊരു സ്‌നേഹഗീതം ഉള്‍പ്പെടെയുള്ള നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് പിന്നില്‍ ഈസ്റ്റ് കോസ്റ്റ് വിജയനായിരുന്നു. 2008ലാണ് അദ്ദേഹം തന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്.
ജയറാം നായകനായ നോവല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. സിനിമയില്‍ തെന്നിന്ത്യന്‍ നടി സദ ആയിരുന്നു നായികയായത്. എന്നാല്‍ ആ സിനിമ പ്രതീക്ഷിച്ചയത്ര വിജയമായിരുന്നില്ല. എങ്കിലും അതിലെ പാട്ടുകള്‍ വലിയ ഹിറ്റായിരുന്നു.
ഇപ്പോള്‍ നോവല്‍ സിനിമയിലെ ‘ഇത്രമേല്‍ എന്നെ നീ സ്‌നേഹിച്ചിരുന്നെങ്കില്‍’ എന്ന പാട്ടിനെ കുറിച്ച് പറയുകയാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമ സംവിധാനം ചെയ്യാന്‍ ആദ്യകാലം മുതല്‍ക്ക് തന്നെ പലരും എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഇഷ്ടപ്പെട്ട ഒരു കഥ വന്നാല്‍ ചെയ്യാം എന്നതായിരുന്നു എന്റെ തീരുമാനം. അങ്ങനെ നോവല്‍ എന്ന കഥ വന്നപ്പോള്‍ അതൊരു മികച്ച സിനിമയാക്കി മാറ്റാമെന്ന് തോന്നി.
അങ്ങനെയാണ് ഞാന്‍ സിനിമാസംവിധാനത്തിലേക്ക് ഇറങ്ങിയത്. ജയറാം നായകനായ സിനിമ തിയേറ്ററില്‍ വലിയ വിജയം നേടിയില്ലെങ്കിലും അതിലെ പാട്ടുകള്‍ അന്ന് തരംഗമായിരുന്നു. ‘ഇത്രമേല്‍ എന്നെ നീ സ്‌നേഹിച്ചിരുന്നെങ്കില്‍’ എന്ന പാട്ട് ആ സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ആ കാലത്ത് കോളര്‍ ട്യൂണുകള്‍ വലിയ തരംഗമായിരുന്നു. സിനിമ റിലീസായ ശേഷം അതിലെ പാട്ടുകള്‍ കോളര്‍ ട്യൂണുകളാക്കാന്‍ കമ്പനികളുമായി കരാറിലെത്തി. ‘ഇത്രമേല്‍ എന്നെ നീ സ്‌നേഹിച്ചിരുന്നെങ്കില്‍’ എന്ന കോളര്‍ ട്യൂണ്‍ അന്നൊരു തരംഗമായിമാറി.
വോഡഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നീ കമ്പനികളില്‍ നിന്ന് ഓരോ മാസവും ലക്ഷക്കണക്കിന് രൂപയാണ് എനിക്ക് കോളര്‍ ട്യൂണുകളുടെ മുകളില്‍ ലഭിച്ചത്. അഞ്ച് വര്‍ഷംകൊണ്ട് നോവല്‍ എന്ന സിനിമയുടെ നിര്‍മാണച്ചെലവിന്റെ മൂന്നിരട്ടിപണം ഈ കോളര്‍ ട്യൂണില്‍ നിന്നുമാത്രം കിട്ടി. മലയാളസിനിമയില്‍ തന്നെ അതൊരു അപൂര്‍വസംഭവമാണ്,’ ഈസ്റ്റ് കോസ്റ്റ് വിജയന്‍ പറഞ്ഞു.
Content Highlight: East Coast Vijayan Talks About Jayaram’s Novel Movie