| Monday, 29th January 2024, 9:28 am

12 വർഷത്തെ കാത്തിരിപ്പ്; സൂപ്പർ കപ്പ് പൊക്കി ഈസ്റ്റ് ബംഗാൾ

സ്പോര്‍ട്സ് ഡെസ്‌ക്

2024 സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍. ഫൈനലില്‍ ഒഡിഷയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഒരു കിരീടം സ്വന്തമാക്കുന്നത്.

കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 39ാം മിനിട്ടില്‍ ഡിയേഗോ മോറിസിയോയിലൂടെ ഒഡിഷയാണ് ആദ്യം മുന്നിലെത്തിയത്. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഈസ്റ്റ് ബംഗാള്‍ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ടുനില്‍ക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ 51ാം മിനിട്ടില്‍ നന്ദകുമാറിലൂടെ ഈസ്റ്റ് ബംഗാള്‍ സമനില പിടിച്ചു. എന്നാല്‍ 62ാം മിനിട്ടില്‍ സോള്‍ ക്രസ്‌പോയിലൂടെ ഈസ്റ്റ് ബംഗാള്‍ രണ്ടാം ഗോള്‍ നേടി.

മത്സരത്തിന്റെ 68ാം മിനിട്ടില്‍ ഒഡിഷ താരം മൗര്‍ട്ടാസ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ബാക്കിയുള്ള നിമിഷങ്ങളില്‍ പത്ത് ആളുകളുമായാണ് ഒഡിഷ പന്ത് തട്ടിയത്. മത്സരത്തിന്റെ ഇന്‍ജുറി ടൈമില്‍ അഹമ്മദ് ജാഹുവിലൂടെ ഒഡിഷ സമനില ഗോള്‍ നേടി.

നിശ്ചിത സമയത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുകയായിരുന്നു. ഒടുവില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീളുകയായിരുന്നു.

എക്‌സ്ട്രാ ടൈമില്‍ ഈസ്റ്റ് ബംഗാള്‍ താരം സൗവിക്ക് ചക്രവര്‍ത്തി ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതോടെ ഈസ്റ്റ് ബംഗാളും പത്ത് പേരായി ചുരുങ്ങുകയായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ 111ാം മിനിട്ടില്‍ ക്‌ളൈറ്റണ്‍ സില്‍വയുടെ ഗോളിലൂടെ ഈസ്റ്റ് ബംഗാള്‍ 12 വര്‍ഷത്തെ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവില്‍ പത്ത് മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും അഞ്ചു സമനിലയും മൂന്ന് തോല്‍വിയും അടക്കം 11 പോയിന്റോടെ എട്ടാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍.

ഐ.എസ്.എല്ലില്‍ ഫെബ്രുവരി മൂന്നിന് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം. മോഹന്‍ ബഗാന്റെ തട്ടകമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയമാണ് വേദി.

Content Highlight: East Bengal won 2024 super cup.

We use cookies to give you the best possible experience. Learn more