ക്യാപ്റ്റനെത്തി, ബ്ലൂസ് കളി തുടങ്ങി; ആദ്യ ജയം, കണ്ഠീരവയെ തീ പിടിപ്പിച്ച് ബെംഗളൂരു
ISL
ക്യാപ്റ്റനെത്തി, ബ്ലൂസ് കളി തുടങ്ങി; ആദ്യ ജയം, കണ്ഠീരവയെ തീ പിടിപ്പിച്ച് ബെംഗളൂരു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th October 2023, 10:03 pm

ഐ.എസ്.എല്ലിന്റെ പത്താം സീസണില്‍ ആദ്യം ജയം സ്വന്തമാക്കി മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സി. ബെംഗളൂരുവിന്റെ ഹോം സ്‌റ്റേഡിയമായ ശ്രീ കണ്ഠീരവയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബെംഗളൂരു വിജയിച്ചത്.

ഏഷ്യന്‍ ഗെയിംസില്‍ സൗദിയോട് തോറ്റുപുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ടീമിനൊപ്പം ചേര്‍ന്ന ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ടീമിനൊപ്പം ചേര്‍ന്ന ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടാനും ഛേത്രിക്ക് സാധിച്ചു.

4-4-2 ഫോര്‍മേഷനിലാണ് ബെംഗളൂരു പരിശീലകന്‍ ടീമിനെ കളത്തിലിറക്കിയത്. 4-5-1 എന്ന ഫോര്‍മേഷനിലാണ് ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ തന്റെ കുട്ടികളെ ഗ്രൗണ്ടില്‍ വിന്യസിച്ചത്.

മത്സരത്തിന്റെ 15ാം മിനിട്ടില്‍ ഈസ്റ്റ് ബംഗാളാണ് ആദ്യ ഗോള്‍ നേടിയത്. നന്ദ കുമാറിന്റെ അസിസ്റ്റില്‍ മഹേഷ് സിങ്ങാണ് ബംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ പരാജയപ്പെടുത്തി ഗോള്‍ നേടിയത്.

ആദ്യ ഗോള്‍ വഴങ്ങി ആറാം മിനിട്ടില്‍ ബെംഗളൂരു തിരിച്ചടിച്ചു. സുനില്‍ ഛേത്രിയാണ് സമനില ഗോള്‍ കണ്ടെത്തിയത്. പെനാല്‍ട്ടിയിലൂടെയാണ് ഛേത്രി ബ്ലൂസിനെ ഒപ്പമെത്തിച്ചത്.

ആദ്യ പകുതിയില്‍ ഇരു ടീമും ഗോള്‍ കണ്ടത്താന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാളിനെതിരെ തുടര്‍ച്ചയായി റഫറി മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്തുകൊണ്ടിരുന്നു.

മത്സരത്തിന്റെ 30ാം മിനിട്ടില്‍ ബോര്‍ജ ഹെരേരക്കെതിരെ മഞ്ഞക്കാര്‍ഡ് പുറത്തെടുത്ത റഫറി ആദ്യ പകുതി അവസാനിക്കും മുമ്പ് മറ്റ് രണ്ട് ഈസ്റ്റ് ബംഗാള്‍ താരങ്ങള്‍ക്കെതിരെയും യെല്ലോ കാര്‍ഡ് പുറത്തെടുത്തു.

ആദ്യ പകുതി ഓരോ ഗോള്‍ വീതമടിച്ച് ഇരുടീമും സമനിലയില്‍ പിരിഞ്ഞു.

മത്സരത്തിന്റെ 72ാം മിനിട്ടിലാണ് ബംഗളൂരു ലീഡ് നേടിയത്. ആര്‍. ധനുവിന്റെ അസിസ്റ്റില്‍ സ്പാനിഷ് താരം ഹാവി ഹെര്‍ണാണ്ടസാണ് കണ്ഠീരവയെ ആവേശത്തിലാഴ്ത്തി ഗോള്‍ കണ്ടെത്തിയത്.

രണ്ടാം ഗോള്‍ കണ്ടെത്തിയതിന് പിന്നാലെ കണ്ഠീരവ സ്റ്റേഡിയം ആവേശത്തില്‍ മുഖരിതമായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ബെംഗളൂരു ഒരു ഗോളിന്റെ ലീഡില്‍ വിജയം സ്വന്തമാക്കി.

സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയ ബെംഗളൂരു പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് തോല്‍വിയും ഒരു പരാജയവുമാണ് ബെംഗളൂരുവിനുള്ളത്.

ഒക്ടോബര്‍ 25നാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം. കണ്ഠീരവയില്‍ നടക്കുന് മത്സരത്തില്‍ എഫ്.സി ഗോവയാണ് എതിരാളികള്‍.

Content highlight: East Bengal vs Bengaluru FC, Match results