ഐ.എസ്.എല്ലിന്റെ ചരിത്രത്തിലാദ്യമായി ഈസ്റ്റ് ബംഗാളിനോട് തോല്‍വി വഴങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായര്‍ക്ക് മുമ്പില്‍ അപരാജിതരെന്ന പൊന്‍തൂവല്‍ കഴിഞ്ഞ മത്സരത്തോടെ ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടമായി.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. എളുപ്പം ജയിക്കാന്‍ സാധിക്കുമായിരുന്ന മത്സരം തോല്‍ക്കേണ്ടത് എങ്ങനെയാണെന്നുള്ളതിന്റെ ബ്ലാസ്റ്റേഴ്‌സ് ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ കണ്ടത്.
ഗോളാക്കാന്‍ ലഭിച്ച അവസരങ്ങള്‍ കളഞ്ഞുകുളിക്കാന്‍ മത്സരിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായിരുന്നു കഴിഞ്ഞ ദിവസത്തെ ഹൈലൈറ്റ്. ലഭിച്ച അവസരം ഗോളാക്കി മാറ്റാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചതോടെ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാം തോല്‍വിക്കും കളമൊരുങ്ങി.
മത്സരത്തിന്റെ ഹാഫ് ടൈമിന്റെ അവസാനത്തോടെയാണ് മത്സരം ചൂടുപിടിച്ച് തുടങ്ങിയത്. കൊമ്പന്‍മാരുടെ കോള്‍വല കാക്കും ഭൂതത്താന്‍ കരണ്‍ജിത് സിങ്ങിന്റെ എണ്ണം പറഞ്ഞ സേവുകള്‍ സോള്‍ട്ട് ലേക്കിനെ നിശബ്ദമാക്കി.
എന്നാല്‍ കളിയുടെ 77ാം മിനിട്ടില്‍ ഹോം സ്‌റ്റേഡിയത്തെ ആവേശത്തിലാറാടിച്ച് ഈസ്റ്റ് ബെംഗാള്‍ ലീഡെഡുത്തു. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ക്ലേറ്റണ്‍ സില്‍വയായിരുന്നു ബംഗാളിനായി ഗോള്‍ നേടിയത്. ഇതോടെ ബ്ലാസ്‌റ്റേസ് ഗോള്‍ മടക്കാനുള്ള ശ്രമമായി.
ആക്രമണത്തിലൂന്നിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് പിന്നീട് കളിച്ചത്. ആക്രമണവും പ്രത്യാക്രമണവും കയ്യാങ്കളിയിലേക്കും വഴി മാറിയിരുന്നു.
ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ തോല്‍വിയേറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ് കളം വിട്ടു.
സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാം തോല്‍വിയാണിത്. തോറ്റെങ്കിലും മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു. 16 മത്സരത്തില്‍ നിന്നും ഒമ്പത് ജയവും ഒരു സമനിലയുമായി 28 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. കഴിഞ്ഞ അഞ്ച് മത്സരത്തിനിടെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം തോല്‍വിയാണിത്.
ഫെബ്രുവരി ഏഴിന് കൊച്ചിയില്‍ ചെന്നൈയിന്‍ എഫ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള എല്ലാ മത്സരവും നിര്‍ണായകമാണ്.
Content highlight: East Bengal defeats Kerala Blasters for the first time