| Sunday, 1st October 2023, 8:41 am

ഇഞ്ച്വറി ടൈം മഴവിൽ ഗോൾ; ഹൈദരാബാദ് വീണു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.എസ്.എല്ലിലെ പത്താം മത്സരത്തിൽ ഈസ്റ്റ്‌ ബംഗാൾ ഹൈദരാബാദ് എഫ്.സിയെ തോൽപ്പിച്ചു. ഈസ്റ്റ്‌ ബംഗാളിന്റെ ഹോം ഗ്രൗണ്ട് ആയ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബംഗാൾ ഹൈദരാബാദിനെ വീഴ്ത്തിയത്.

4-5-1 എന്ന ഫോർമേഷനിലാണ് ഈസ്റ്റ് ബംഗാൾ കളത്തിലിറങ്ങിയത്. മറുഭാഗത്ത്‌ 4-3-3 എന്നനിലയിൽ ആയിരുന്നു ഹൈദരാബാദ് കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ എട്ടാം മിനിട്ടിൽ തന്നെ ഹൈദരാബാദ് എഫ്.സി ആതിഥേയർക്കെതിരെ ലീഡ് നേടി. ഹിതേഷ് ശർമയാണ് ഗോൾ നേടിയത്. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധം മറികടന്നുകൊണ്ട് പെനാൽറ്റി ബോക്സിൽ നിന്നും താരം ലക്ഷ്യം കാണുകയായിരുന്നു. എന്നാൽ വെറും രണ്ടു മിനിട്ട് മാത്രമേ ഈ ഗോളിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ.

മത്സരത്തിന്റെ പത്താം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ചു. പെനാൽട്ടി ബോക്സിൽ നിന്നും ഈസ്റ്റ് ബംഗാളിന്റെ സ്പാനിഷ് താരമായ ബോർജ ഹെരേരയെ ഫൗൾ ചെയ്ത അവസരത്തിൽ ലഭിച്ച പന്ത് ബോക്സിനുള്ളിൽ നിന്നും സെൽട്ടൺ സിൽവ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഇതോടെ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഒപ്പം പിടിക്കുകയായിരുന്നു.

ഒടുവിൽ ആദ്യപകുതി പിന്നിട്ടപ്പോൾ 1-1 എന്ന നിലയിൽ മത്സരം അവസാനിക്കുകയും ചെയ്തു.

രണ്ടാം പകുതിയിൽ ഇരു ടീമും വിജയഗോളിനായി നിരന്തരം ആക്രമണം നടത്തി. ഒടുവിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ പെനാൽറ്റി ബോക്സിന് പുറത്തുനിന്നും ഈസ്റ്റ് ബംഗാൾ താരത്തെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് മനോഹരമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ഈസ്റ്റ് ബംഗാൾ വിജയത്തിലെത്തുകയായിരുന്നു. സെൽട്ടൺ സിൽവയുടെ കാലുകളിൽ നിന്നുമാണ് മനോഹരമായ ഫ്രീകിക് പിറന്നത്. മത്സരത്തിലെ അവിസ്മരണീയമായ നിമിഷങ്ങളിൽ ഒന്നായിരുന്നു ഈ ഗോൾ.

താരം മത്സരത്തിൽ നേടുന്ന രണ്ടാം ഗോൾ ആയിരുന്നു ഇത്. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ 2-1ന് വിജയം ആതിഥേയർ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ പോയിന്റ് ടേബിളിൽ രണ്ട് മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു സമനിലയും അടക്കം നാലു പോയിന്റുമായി നാലാം സ്ഥാനത്തെത്താനും ഈസ്റ്റ് ബംഗാളിന് സാധിച്ചു. ഒക്ടോബർ നാലിന് ബംഗളൂരു എഫ്.സിക്കെതിരെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് ഈസ്റ്റ് ബംഗാളിന്റെ അടുത്ത മത്സരം.

അതേസമയം തോൽവിയോടെ പോയിന്റ് ഒന്നും ഇല്ലാതെ ഒമ്പതാം സ്ഥാനത്താണ് ഹൈദരാബാദ് എഫ് സി. നേരത്തെ ലീഗിലെ ഹൈദരാബാദിന്റെ ഗോവക്കെതിരെയുള്ള ആദ്യ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരുന്നു. ഒക്ടോബർ അഞ്ചിന് ജംഷഡ്പൂർ എഫ്.സി ക്കെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയമാണ് വേദി.

Content Highlight: East Bengal beat Hyderabad FC 1-0 in ISL.

Latest Stories

We use cookies to give you the best possible experience. Learn more