ചൈന ഇന്ത്യയെക്കാള്‍ ബിസിനസ് അനുകൂല രാജ്യം:രത്തന്‍ ടാറ്റ
Big Buy
ചൈന ഇന്ത്യയെക്കാള്‍ ബിസിനസ് അനുകൂല രാജ്യം:രത്തന്‍ ടാറ്റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th December 2012, 1:20 pm

ന്യൂദല്‍ഹി: ബിസിനസ്സിന് ഇന്ത്യയെക്കാള്‍ നല്ലത് ചൈനയാണെന്ന് ടാറ്റ ഗ്രൂപ്പ് മേധാവി രത്തന്‍ ടാറ്റ. ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യത്ത് നിക്ഷേപ അനുകൂല സാഹചര്യമൊരുക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നും രത്തന്‍ ടാറ്റ ആരോപിച്ചു.[]

ഇന്ത്യയിലെ നിക്ഷേപകരോട് സര്‍ക്കാര്‍ പക്ഷാപാതപരമായാണ് ഇടപെടുന്നതും നിരവധി പ്രൊജക്ടുകള്‍ക്ക് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്നും രത്തന്‍ ടാറ്റ ആരോപിക്കുന്നു. ഇത് മൂലം നിക്ഷേപകര്‍ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ ഓരോ വകുപ്പുകളും ഒരേ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകളാണ് എടുക്കുന്നത്. ഒന്നിനും ഒരു ഐക്യവുമില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പറയുന്ന കാര്യമല്ല മറ്റ് മന്ത്രിമാരുടെ ഓഫീസില്‍ നിന്ന് ലഭിക്കുക. ഇത് മറ്റ് രാജ്യങ്ങളിലൊന്നും ഇല്ലാത്ത പ്രവണതയാണ്. രത്തന്‍ ടാറ്റ പറയുന്നു.

സ്റ്റീല്‍ പ്ലാന്റിനായുള്ള ക്ലിയറന്‍സിന് ഏഴോ എട്ട് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വരുന്നെന്നും രത്തന്‍ ടാറ്റ പരാതി പറയുന്നു.

ചൈനയിലെ വ്യവസായങ്ങളുമായി മത്സരിക്കാന്‍ ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ യാതൊരു പിന്തുണയും നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫിനാന്‍ഷ്യല്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.