ന്യൂദല്‍ഹി: ഏതൊരു സമൂഹത്തിനും നീതി തേടിയുള്ള യാത്ര എത്ര പ്രധാനമാണോ, നീതി ലഭിക്കലും അതുപോലെ പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജ്ഞാന്‍ ഭവനില്‍ ശനിയാഴ്ച നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണയോടൊപ്പം വേദി പങ്കിടവെയാണ് മോദിയുടെ പ്രസ്താവന.
ജീവിക്കാനും ബിസിനസ് ചെയ്യാനുമുള്ള പോലെ നീതി എളുപ്പത്തില്‍ ലഭിക്കുക എന്നതും പ്രധാനമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ശനിയാഴ്ച നടന്ന ആദ്യ അഖിലേന്ത്യാ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.
‘ഇത് ആസാദി കാ അമൃത് കാലിന്റെ സമയമാണ്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്ന പ്രമേയങ്ങളുടെ സമയം, ഈ യാത്രയില്‍ ജീവിക്കാനും ബിസിനസ് ചെയ്യാനുമുള്ള പോലെ നീതി എളുപ്പത്തില്‍ ലഭിക്കുക എന്നതും പ്രധാനമാണ്, ‘ അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്തിന്റെ ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഇ-കോടതികളുടെ ദൗത്യത്തിന് കീഴില്‍, രാജ്യത്ത് വെര്‍ച്വല്‍ കോടതികള്‍ ആരംഭിക്കുന്നുണ്ട്.
ട്രാഫിക് നിയമലംഘനം പോലുള്ള കുറ്റകൃത്യങ്ങള്‍ക്കായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോടതികളും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ജനങ്ങളുടെ സൗകര്യാര്‍ത്ഥം കോടതികളില്‍ വീഡിയോ കോണ്‍ഫറന്‍സിങ് അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കുന്നുണ്ട്, ‘ പ്രധാനമന്ത്രി പറഞ്ഞു.
ജസ്റ്റിസുമാരായ ഉദയ്. യു. ലളിത്, ഡി.വൈ. ചന്ദ്രചൂഡ്, നിയമമന്ത്രി കിരണ്‍ റിജിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ (ഡി.എല്‍.എസ്.എ) ആദ്യത്തെ ദേശീയതല മീറ്റ് 2022 ജൂലൈ 30 മുതല്‍ 31 വരെയാണ് നടക്കുന്നത്. വിജ്ഞാന്‍ ഭവനില്‍ വെച്ച് നടക്കുന്ന മീറ്റ് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ് സംഘടിപ്പിക്കുന്നത്.
ഡി.എല്‍.എസ്.എകളിലുടനീളം ഹോമോജെനിറ്റിയും സിംക്രൊണൈസേഷനും കൊണ്ടുവരുന്നതിനായി നടപടിക്രമങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യുന്നുണ്ട്.
രാജ്യത്ത് ആകെ 676 ഡി.എല്‍.എസ്.എകള്‍ ഉണ്ട്. ജില്ലാ ജഡ്ജിയാണ് അവരെ നയിക്കുന്നത്. ഡി.എല്‍.എസ്.എകള്‍ വഴിയും സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റികള്‍ വഴിയും എന്‍.എ.എല്‍.എസ്.എ വിവിധ നിയമ സഹായങ്ങളും ബോധവല്‍ക്കരണ പരിപാടികളും നടപ്പിലാക്കുന്നുണ്ട്
Content highlight: Ease of justice is equally important as ease of doing business, ease of living: PM Modi