തെലങ്കാനയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി
national news
തെലങ്കാനയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2024, 9:06 am

ഹൈദരാബാദ്: തെലങ്കാനയിലെ മുളുഗു ജില്ലയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 7:27നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടാവുന്നത്.

20 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും ശക്തമായ ഒരു ഭൂചലനം ഉണ്ടാവുന്നത്. മുളുഗു ജില്ലയ്ക്ക് പുറമെ വിജയവാഡയിലെ ചില പ്രദേശങ്ങളിലും ഹൈദരബാദിലും പ്രകമ്പനം ഉണ്ടായിട്ടുണ്ട്.

ഗോദാവരി നദിയുടെ തീരമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് സൂചന. എന്നാല്‍ ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജനങ്ങളോട് ജാഗ്രതായോട് ഇരിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വീഡിയോകളില്‍ കുലുക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങി ഓടുന്നതായി കാണാം. ഉയരത്തിലിരിക്കുന്ന പാത്രങ്ങളും മറ്റ് ഉപകരണങ്ങളും തറയിലേക്ക് തെറിച്ച് വീഴുന്നുമുണ്ട്.

അതേസമയം മഹാരാഷ്ട്രയിലും ഭൂചലനം അനുഭവപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

തീവ്രത കുറഞ്ഞ മേഖലയായ സീസ്മിക് സോണ്‍ IIവിലാണ് തെലങ്കാന ഉള്‍പ്പെടുന്നത്. ഇന്ത്യയിലെ ഭൂകമ്പ മേഖലകളെ അവയുടെ തീവ്രത അനുസരിച്ച് നാലായാണ് തരം തിരിച്ചിരിക്കുന്നത്. സോണ്‍  V, സോണ്‍ IV, സോണ്‍ III, സോണ്‍ II. ഇതില്‍ ഏറ്റവും തീവ്രത കൂടിയ പ്രദേശങ്ങളാണ് സോണ്‍ Vല്‍ ഉള്‍പ്പെടുന്നത്. തെലങ്കാന ഉള്‍പ്പെടുന്ന സോണ്‍ II താരതമ്യേന സുരക്ഷിതമായ മേഖലയിലാണ്.

രാജ്യത്തിന്റെ ഏകദേശം 11 ശതമാനം പ്രദേശങ്ങളും സോണ്‍ Vലും 18 ശതമാനം സോണ്‍ IVലും 30 ശതമാനത്തോളം പ്രദേശം സോണ്‍ IIIലും ബാക്കിയുള്ളത് സോണ്‍ IIലും ഉള്‍പ്പെടുന്നു.

ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്റെ ഏകദേശം 59 ശതമാനവും വ്യത്യസ്ത തീവ്രതയിലുള്ള ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുള്ളവയാണ്.

നവംബര്‍ 28 ന് ജമ്മു കശ്മീരിലും 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അന്നും ജീവഹാനിയോ നാശനഷ്ടളോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Content Highlight: Earthquake reported in Telangana with 5.3 magnitude