പാക്കിസ്ഥാനില്‍ വന്‍ ഭൂചലനം: മരണം 200 കവിഞ്ഞു
World
പാക്കിസ്ഥാനില്‍ വന്‍ ഭൂചലനം: മരണം 200 കവിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th September 2013, 12:55 am

[]ഇസ്‌ലാമാബാദ്:പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്താനില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 200 ലേറെ പേര്‍ കൊല്ലപ്പെട്ടു. 300 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകുന്നേരം 4.29ന് ആണ് അനുഭവപ്പെട്ടത്. വീടുകളുടെ മണ്‍ഭിത്തികളും ദുര്‍ബല നിര്‍മിതികളും ഇടിഞ്ഞതാണ് മരണകാരണം. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യതയെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

ബലൂചിസ്താനിലെ വീടുകളും കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ടെന്നും 30 മൃതശരീരങ്ങളും 20 പേരെ പരിക്കേറ്റ നിലയിലും അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കണ്ടത്തെിയതായും അവറാന്‍ ജില്ലാ കമീഷണര്‍ അബ്ദുല്‍ റശീദ് ബലോച് പറഞ്ഞു.

പ്രമുഖ നഗരങ്ങളായ കറാച്ചി, ഹൈദരാബാദ്, ലാര്‍ക്കാന എന്നിവിടങ്ങളിലും സിന്ധ് പ്രവിശ്യയിലും ഭൂചലനം അനുഭവപ്പെട്ടു. കറാച്ചി നഗരത്തില്‍ ഭൂചലനത്തെ തുടര്‍ന്നു ഗതാഗതം സ്തംഭിച്ചു.

ബലൂചിസ്ഥാനിലെ അവരാന്‍ എന്ന സ്ഥലത്തു ഭൂഗര്‍ഭത്തില്‍ 23 കിലോമീറ്റര്‍ താഴ്ചയിലാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയളോജിക്കല്‍ സെന്റര്‍ വിശദീകരിച്ചു.

ഒരു മിനിട്ടോളം നീണ്ടുനിന്ന ഭൂകമ്പം പാക്കിസ്ഥാന്റെ പല ഭാഗങ്ങളിലും ഭീതി പരത്തി. വീടുകളില്‍ നിന്നു പലരും ഇറങ്ങിയോടി. തുടര്‍ ചലനങ്ങളുണ്ടായേക്കാമെന്ന ആശങ്കയെ തുടര്‍ന്നു ജനം രാത്രിയും വീടുകള്‍ക്കു പുറത്തിരിക്കുകയാണ്.

കൂടുതലാളുകള്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും ദുരിതാശ്വാസ സംഘത്തെ പ്രദേശത്തേക്കയച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 7.8 രേഖപ്പെടുത്തിയ ഭൂകമ്പം തന്നെയായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ ഇറാനിലും ഉണ്ടായത്.

രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കാന്‍ സൈന്യത്തിനും പാക്കിസ്ഥാന്‍ ദുരന്തനിവാരണ സേനയ്ക്കും പ്രധാനമന്ത്രി നവാസ് ഷരീഫ് ഉത്തരവു നല്‍കി.

300 അംഗ കരസേനയെ അയച്ചതായി ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി അബ്ദുല്‍ മാലിക് പറഞ്ഞു. ഹെലികോപ്റ്ററില്‍ വൈദ്യസഹായ സംഘവും തിരിച്ചിട്ടുണ്ട്.