ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഭൂചലനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം എണ്‍പതായി. 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 20,000 ഓളം പേര്‍ക്ക് വീടുകള്‍ നഷ്ടമാകുകയും ചെയ്തു. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ മേഖലയായ യുനാന്‍ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്.[]
14 കി.മി ചുറ്റളവിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
ചൈനയിലെ മറ്റൊരു പ്രദേശമായ ഗിഷ്യുവിലും ശക്തമായ ഭൂചലനമുണ്ടായിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടന്നുവരികയാണ്. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
മലയോരമേഖലിലാണ് ഭൂകമ്പം കൂടുതല്‍ നാശംവിതച്ചത്. പാറയും മണ്ണും ഇടിഞ്ഞുവീണായിരുന്നൂ അപകടമേറെയും. യുനാന്‍ യിലാങ് മേഖലയിലാണ് കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്. 6,650 വീടുകള്‍ പൂര്‍ണമായും 430,000 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഒരു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. യുനാനില്‍ മാത്രം 4,300 നാല്‍ക്കാലികള്‍ക്ക് ജീവന്‍നഷ്ടപ്പെട്ടു. 153 ഹെക്ടര്‍ കൃഷിഭൂമി നശിച്ചിട്ടുണ്ട്.
ടെലിഫോണ്‍, മൊബൈല്‍ ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.