മുമ്പ് ഈദിന്റെ സമയത്ത് മാത്രമേ വൈദ്യുതി ലഭിക്കാറുണ്ടായിരുന്നുള്ളു, ദീപാവലിയുടെ സമയത്ത് ഇല്ലായിരുന്നു; വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി ആദിത്യനാഥ്
D' Election 2019
മുമ്പ് ഈദിന്റെ സമയത്ത് മാത്രമേ വൈദ്യുതി ലഭിക്കാറുണ്ടായിരുന്നുള്ളു, ദീപാവലിയുടെ സമയത്ത് ഇല്ലായിരുന്നു; വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 9:12 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ സര്‍ക്കാറിന്റെ കാലത്ത് മുഹറത്തിനും ഈദിനും മാത്രമേ വൈദ്യുതി ലഭിക്കാറുള്ളുവെന്നും, ഹോളിക്കും ദീപാവലിക്കും ഇല്ലായിരുന്നെന്നും മുഖ്യമന്ത്രി ആദിത്യനാഥ്. എന്നാല്‍ നിലവിലെ അവസ്ഥ അങ്ങനെയല്ലെന്നും ആദിത്യനാഥ് പറഞ്ഞു. ദൊമാരിഗഞ്ചില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

നരേന്ദ്ര മോദി എല്ലാവര്‍ക്കൊപ്പം, എല്ലാവരുടേയും വികാസം എന്ന മുദ്രാവാക്യത്തിലാണ് വിശ്വസിക്കുന്നതെന്നും ആദിത്യനാഥ് പറഞ്ഞു. ‘മുമ്പ് ജാതി അടിസ്ഥാനത്തിലായിരുന്നു വൈദ്യുതി അനുവദിച്ചിരുന്നത്. അത് കൊണ്ട് ഹോളിക്കും ദിവാലിക്കും ആളുകള്‍ക്ക് വൈദ്യുതി ലഭിക്കാറില്ലായിരുന്നു, എന്നാല്‍ മുഹറത്തിനും ഈദിനും ലഭിക്കുമായിരുന്നു’- ആദിത്യനാഥ് പറഞ്ഞു.

2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമാനമായ പ്രസ്താവന നടത്തിയത് ഏറെ വിവാദമായിരുന്നു. റംസാനില്‍ ആളുകള്‍ക്ക് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കില്‍ ദിവാലിക്കും ലഭിക്കണമെന്നായിരുന്നു മോദി അന്ന് പറഞ്ഞത്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിരന്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അലി ബജ്‌റംഗ്ബലി പോരാട്ടം എന്ന് വിശേഷിപ്പിച്ചതിന് 72 മണിക്കൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും ആദിത്യനാഥിനെ കമ്മീഷന്‍ വിലക്കിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ തന്റെ പ്രസംഗത്തിന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ച തെരഞ്ഞെടുപ്പ് കമ്മീഷനെതിരേയും ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ലെന്നും എതിര്‍പാര്‍ട്ടിക്കെതിരേ സംസാരിക്കാനും അവരെ തോല്‍പ്പിക്കാനുമാണെന്നു ആദിത്യനാഥ് പറഞ്ഞത്.

സംസ്ഥാനത്തെ സാംബലില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയെ ബാബറിന്റെ പിന്‍ഗാമി എന്നു വിശേഷിപ്പിച്ചതിനായിരുന്നു യോഗിക്ക് അവസാനമായി നോട്ടീസ് ലഭിച്ചത്.