| Tuesday, 11th January 2022, 12:13 am

21 വയസുകാരന്റെ സ്വപ്നങ്ങളിലേക്ക് കഠാര കുത്തിയിറക്കിയവര്‍ക്ക് ഒരു കാലവും ഈ നാട് മാപ്പ് നല്‍കില്ല: വീണ ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൈനാവ്: ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ
ധീരജിന്റെ കൊലപാതകം അത്യന്തം നിഷ്ഠൂരവും വേദനാജനകവുമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

21 വയസുകാരന്റെ സ്വപ്നങ്ങളിലേക്ക് കഠാര കുത്തിയിറക്കിയവര്‍ക്ക് ഒരു കാലവും ഈ നാട് മാപ്പ് നല്‍കില്ല. കൊലപാതകികളെക്കാള്‍ ഭീകരമാണ് ഈ അരുംകൊലയെ നിസാരവത്കരിക്കുന്നവരുടെ മനസ്സ് എന്നുകൂടി ഈ ഘട്ടത്തില്‍ പറയുകയാണ്.

ക്യാമ്പസുകളില്‍ ആയുധങ്ങളുമായെത്തി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ വിദ്യാര്‍ഥി സമൂഹം തിരിച്ചറിയുകതന്നെ ചെയ്യും. സഖാവിന്റെ മരണത്തില്‍ മാതാപിതാക്കളുടെയും സഹപാഠികളുടെയും മുഴുവന്‍ സഖാക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുതായും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

അതേസമയം, ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയതില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി കുറ്റം സമ്മതിച്ചു.

ധീരജിന്റെ കൊലപാതകത്തില്‍ നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്ലാവരും കെ.എസ്.യു പ്രവര്‍ത്തകരായ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

അക്രമത്തില്‍ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിഖില്‍ പൈലി നേരത്തെ പൊലീസ് പിടിയിലായിരുന്നു. ബസില്‍ യാത്ര ചെയ്യവെയാണ് നിഖിലിനെ പൊലീസ് പിടികൂടിയത്. ധീരജിനെ കുത്തിയത് നിഖില്‍ പൈലിയാണെന്ന് സംശയിക്കുന്നതായി നേരത്തെ പൊലീസ് പറഞ്ഞിരുന്നു.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയായിരുന്നു.

നിഖില്‍ പൈലി രണ്ട് മാസം മുമ്പ് നടന്ന അക്രമത്തിലും ഉള്‍പ്പെട്ടിരുന്നുവെന്ന് എസ്.എഫ്.ഐ നേതാക്കള്‍ ആരോപിച്ചിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റ കണ്ണൂര്‍ സ്വദേശിയായ ധീരജിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.

എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

സംഭവത്തില്‍ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന്‍ വന്ന ശേഷം പ്രകോപന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.

ധീരജിന്റെ കൊലപാതത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ ആണ് കസ്റ്റഡിയിലായത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Health Minister Veena George has termed SFI activist Dheeraj’s murder as “horrific and painful”

We use cookies to give you the best possible experience. Learn more