കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 50 കോടി വീതം വാഗ്ദാനം ചെയ്തു; ആരോപണവുമായി കോണ്‍ഗ്രസ്
ബെംഗളൂരു: 2019 ലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം തകര്‍ത്തവര്‍ നിലവിലെ സര്‍ക്കാറിനെ വീഴ്ത്താന്‍ എം.എല്‍.എ മാര്‍ക്ക് 50 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് എം.എല്‍.എ രവികുമാര്‍ ഗനിക. ആരോപണങ്ങള്‍ തെളിയിക്കുന്ന വീഡിയോ കൈവശമുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
‘ഞങ്ങളുടെ എം.എല്‍.എമാര്‍ക്ക് പാര്‍ട്ടി മാറാനും സര്‍ക്കാര്‍ രൂപികരിക്കാനും പ്രതിപക്ഷ നേതാക്കള്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതതിന്റെ തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. വീഡിയോ ഉടന്‍ മാണ്ഡ്യയില്‍ പ്രദര്‍ശിപ്പിക്കും,’ അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ എം.എല്‍.എമാരെ സമീപിച്ചവര്‍ പ്രത്യേക വിമാനങ്ങള്‍ ക്രമീകരിക്കുമെന്നും കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച സംഘടിപ്പിക്കുമെന്നും പറഞ്ഞു. തങ്ങള്‍ക്ക് ആവശ്യത്തിന് എം.എല്‍.എമാരുണ്ടെന്നും കൂടുതല്‍ നിയമസഭാംഗങ്ങളെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയാണെന്നും അവര്‍ പറഞ്ഞു,’ ഗനിക കൂട്ടിച്ചേര്‍ത്തു.
‘അവര്‍ ഞങ്ങളുടെ നാല് എം.എല്‍.എമാരെ കണ്ടതിന് വീഡിയോ തെളിവ് ഞങ്ങളുടെ പക്കലുണ്ട്. എം.എല്‍.എമാരെ സമീപിച്ചവരില്‍ ഒരാള്‍ മുന്‍മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ മുന്‍ പി.എയാണ്.മറ്റു രണ്ടു പേര്‍ മൈസൂര് മേഖലയില്‍ നിന്നും ബെലഗാവി മേഖലയില്‍ നിന്നുമാണ്. ബെലഗാവി മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയെ ഇവര്‍ ബന്ധപ്പെട്ടു. ഈ ഇടപാടിന്റെ അക്കൗണ്ട് രേഖകള്‍ ഞങ്ങളുടെ പക്കല്‍ ഉണ്ട്. മൈസൂരു, ബെലിഗാവ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതിപക്ഷ നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
ഈ വിഷയം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗനിക പറഞ്ഞു.
എന്നാല്‍ ബിജെപി നീക്കം പരാജയപ്പെടുമെന്നും ഒരു വാഗ്ദാനവും നല്‍കാതെതന്നെ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ അവര്‍ മതിപ്പുളവാക്കുന്നു. 135 എം.എല്‍.എമാരുടെ ഭൂരിപക്ഷമുള്ള തങ്ങള്‍ക്ക് സര്‍ക്കാരിനെ നയിക്കാന്‍ ഒരു പിന്തുണയും ആവശ്യമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിദ്ധരാമയുടെ രണ്ടുവര്‍ഷത്തെ ഭരണത്തിനുശേഷം ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രിയുടെ ഉറച്ച അനുയായിയായ ഗനിക പറഞ്ഞു.
content highlight: Each MLA offered Rs 50 crore to join BJP in Karnataka: Congress