ഇന്ധനവിലയെ പേടിയ്ക്കാതെ കാര്‍ ഓടിയ്ക്കണമെന്നുള്ളവര്‍ക്കായി ഇതാ മഹീന്ദ്ര റേവയുടെ പുതിയ ഇലക്ട്രിക് കാര്‍. ഇ ടു ഒ ( E2O) എന്നാണ് മോഡലിനു പേര്. []
ലിതിയം അയോണ്‍ ബാറ്ററിയില്‍ സംഭരിക്കുന്ന ഊര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന 25.5 ബിഎച്ച്പി 53 എന്‍എം ത്രീ ഫേസ് ഇലക്ട്രിക് മോട്ടോര്‍ ആണ് കാറിനു ചലനമേകുന്നത്. ഒറ്റ ചാര്‍ജിങ്ങില്‍ 100 കിമീ ദൂരം ഓടാനാവും.
അഞ്ചു മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജാകും. ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 20 കിമീ ഓടും. സിവിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള കാറിന് മണിക്കൂറില്‍ 81 കിലോമീറ്ററാണ് പരമാവധി വേഗം.
ഹൈബ്രിഡ് കാറുകളെപ്പോലെ, ബ്രേക്ക് ചെയ്യുമ്പോള്‍ ഊര്‍ജം പാഴാകാതെ ബാറ്ററി ചാര്‍ജ് ചെയ്യുന്ന സംവിധാനം ഇതിനുണ്ട്. നാലു പേര്‍ക്ക് യാത്ര ചെയ്യാം. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വണ്ടി ലോക്ക് അണ്‍ലോക്ക് ചെയ്യാനും എസി പ്രവര്‍ത്തിപ്പിക്കാനുമാകും.
ലിതിയം അയോണ്‍ ബാറ്ററി ഉപയോഗിക്കുന്നതിനാല്‍ ബോഡി ഭാരം അധികമായിട്ടില്ല, 830 കിലോഗ്രാം. നഗരങ്ങളിലെ പാര്‍ക്കിങ്ങും യൂ ടേണുമൊക്കെ 3.9 മീറ്റര്‍ ടേണിങ് റേഡിയസ് അനായാസമാക്കും.
കൊച്ചി അടക്കം എട്ടു പ്രധാന നഗരങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഇ ടു ഒ ആറു നിറങ്ങളില്‍ ലഭ്യമാണ്. രണ്ടു വകഭേദങ്ങളുണ്ട്. ടി 0 എന്ന അടിസ്ഥാന വേരിയന്റിന് 5.96 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ ഓണ്‍ റോഡ് വില. റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ , മ്യൂസിക് സിസ്റ്റം എന്നീ അധിക സൗകര്യങ്ങളുള്ള ടി ടു മോഡല്‍ 6.24 ലക്ഷം രൂപയ്ക്ക് ലഭിക്കും.
ബാംഗ്ലൂരിലെ മഹീന്ദ്ര റേവ ഫാക്ടറിയിലാണ് ഇ ടു ഒയുടെ ഉത്പാദനം. പ്രതിവര്‍ഷം 30,000 കാറുകള്‍ പുറത്തിറക്കാനുള്ള ശേഷി ഇതിനുണ്ട്. പ്രതിമാസം 500 ഇ ടു ഒ വില്‍പ്പന നടത്താനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഒറ്റ ചാര്‍ജിങ്ങില്‍ 100 കിലോമീറ്റര്‍ ഓടാന്‍ കഴിവുള്ള നാലു സീറ്റര്‍ ഇലക്ട്രിക് കാര്‍ മഹീന്ദ്ര റേവ ഇ ടു ഒ വിപണിയിലെത്തി. കേരളത്തിലും ലഭ്യമാണ്.