തിരുവനന്തപുരം: മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് അച്ഛനേയും മകളേയും പരസ്യവിചാരണ ചെയ്ത ഉദ്യോഗസ്ഥയ്‌ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍. പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ യൂണിഫോം ജോലികളില്‍ നിന്നും ഒഴിവാക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം.
പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളില്‍ നിന്നും ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണമെന്നും രജിതയുടെ പ്രവര്‍ത്തി സംസ്ഥാനമൊട്ടാകെയുള്ള പൊലീസ് സേനയ്ക്ക് കളങ്കമേല്‍പ്പിച്ചെന്നും കമ്മീഷന്‍ വിലയിരുത്തി.
കഴിഞ്ഞ മാസം ആഗസ്റ്റിലാണ് സംഭവം നടന്നത്. തോന്നയ്ക്കല്‍ സ്വദേശികളായ ജയചന്ദ്രനേയും മകളേയും മോഷ്ടാക്കളാക്കി ചിത്രീകരിച്ചത്. ഇവര്‍ തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാണ് ഉദ്യോഗസ്ഥ ആരോപിച്ചിരുന്നത്. ഇരുവരേയും പൊതുജന മധ്യത്തില്‍ പരസ്യ വിചാരണ നടത്തിയതോടെയാണ് സംഭവം വിവാദമായത്.
എന്നാല്‍ ഉദ്യോഗസ്ഥയുടെ പക്കല്‍ നിന്ന തന്നെ ഫോണ്‍ ലഭിക്കുകയായിരുന്നു. എന്നാല്‍ തെറ്റ് മനസിലാക്കി ക്ഷമ പറയാന്‍ പോലും അവര്‍ തയ്യാറായില്ലെന്ന് ജയചന്ദ്രന്‍ പറയുന്നു.
സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥയ്‌ക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി ആളുകളും സംഘടനകളും രംഗത്തെത്തിയിരുന്നു.