തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാര്‍ പരാജയപ്പെട്ട ഇ ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കി ഇടതുസര്‍ക്കാര്‍. സംസ്ഥാനത്തെ തിയറ്ററുകളില്‍ ഇന്നു മുതലാണ് ഇ ടിക്കറ്റിംഗ് സംവിധാനം നിലവില്‍ വന്നത്.
ഇതോടെ സിനിമാ റിലീസിന് പിന്നാലെ ചിത്രം 25 കോടിയും 50 കോടിയും നൂറ് കോടിയും കടന്നു എന്ന തരത്തിലുള്ള വ്യാജ കണക്കുകളും അവകാശവാദവും നടക്കില്ല.
ഇ ടിക്കറ്റിങ് സംവിധാനം നിലവില്‍ വന്നതോടെ എത്ര പേര്‍ സിനിമ കണ്ടെന്നും എത്ര കളക്ഷന്‍ ഓരോ തിയറ്ററുകളിലും ലഭിച്ചെന്നുമുള്ള കണക്കുകള്‍ കൃത്യമായി ലഭ്യമാകും. മാത്രമല്ല ഇനി മുതല്‍ സിനിമകളുടെ ബോക്‌സ് ഓഫീസ് വിജയവും പരാജയവും വിലയിരുത്തുകയും എളുപ്പമാകും.
ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനാണ് ഇ ടിക്കറ്റിങ്ങിന്റെ ചുമതല. ഇ ടിക്കറ്റിങ് നടപ്പില്‍ വരുത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തീരുമാനമെടുത്തിരുന്നുവെങ്കിലും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കായിരുന്നില്ല. ഇതാണ് ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയിരിക്കുന്നത്.
ചലച്ചിത്ര മേഖലയിലെ സമഗ്രപരിഷ്‌കരണം മുന്‍നിര്‍ത്തി പഠനം നടത്തിയ അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ ഇ ടിക്കറ്റിങ് ്‌വേഗത്തില്‍ നടപ്പാക്കണമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചിരുന്നു.
വിതരണക്കാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും അവരുടെ സിനിമകളുടെ യഥാര്‍ത്ഥ കളക്ഷന്‍ ഇനി അതതു ദിവസം തന്നെ അറിയാം. തിയറ്ററുകാര്‍ക്കും അവര്‍ക്ക് ലഭിക്കുന്ന ഷെയര്‍ കൃത്യമായി കണക്കാക്കാം. ഈ സംവിധാനം വരുന്നതോടെ തദ്ദേശ സ്ഥാപനങ്ങളിലേക്കും സര്‍ക്കാരിലേക്കുമുള്ള നികുതി വെട്ടിക്കാനും ക്രമക്കേട് നടത്താനും കഴിയില്ല.
ജനങ്ങള്‍ക്ക് കൂടി ഓരോ സിനിമയ്ക്കും ലഭിക്കുന്ന കളക്ഷന്‍ എത്രയെന്ന മനസിലാക്കാവുന്ന വിധത്തിലാണ് ഇ ടിക്കറ്റിങ് ക്രമീകരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനാണ് ഈ സംവിധാനത്തിന്റെ ചുമതല.
ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴിലുള്ള തിയറ്ററുകളിലാണ് ആദ്യ ഘട്ടത്തില്‍ ഇ ടിക്കറ്റിങ് നടപ്പാക്കുന്നത്. പിന്നീട് സ്വകാര്യ തിയറ്ററുകളിലേക്കും വ്യാപിപ്പിക്കും.
ചലച്ചിത്രമേഖലയിലെ പരിഷ്‌കരണത്തിന് ഫിലിം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് ഇ ടിക്കറ്റിങ് നടപ്പാക്കുന്നത്.
തിരുവനന്തപുരം കൈരളി ശ്രീ നിള തിയറ്ററുകളിലാണ് ഇന്ന് മുതല്‍ ഇ ടിക്കറ്റിങ് നടപ്പാക്കുന്നതെന്ന് കെ.എസ്.എഫ് ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.
അഞ്ച് ദിവസത്തിന് ശേഷമായിരിക്കും മറ്റ് തിയറ്ററുകളിലേക്ക് വ്യാപിപ്പിക്കുന്നത്. സിനിമാ വിതരണവും പ്രദര്‍ശനവും കൂടുതല്‍ സുതാര്യമാകുന്നതിനൊപ്പം സിനിമ കാണുന്നവരെ കൂടി പരിഗണിച്ചാണ് ഇ ടിക്കറ്റിംഗ്. ചലച്ചിത്ര വ്യവസായത്തിന് വന്‍ നേട്ടമാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ തിയറ്ററുകളിലും ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സംവിധാനവും ഇതോടൊപ്പം നടപ്പിലാകും. കൗണ്ടറില്‍ സ്ഥാപിച്ച കിയോസ്‌കുകള്‍ വഴിയും ടിക്കറ്റെടുക്കാം. സംസ്ഥാനത്തെ 570 തിയറ്ററുകളെയാണ് ഇ ടിക്കറ്റിങ് സംവിധാനം വഴി ബന്ധിപ്പിക്കുന്നത്.