|

വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചു; ഇ.ടി മുഹമ്മദ് ബഷീറിന്റെ മകനെതിരെ ആരോപണവുമായി പ്രവാസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ കടമുറി വില്‍പ്പനയുടെ പേരില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ മകന്‍ 20 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. നാദാപുരം വാണിമേല്‍ സ്വദേശി ചെന്നാട്ട് മുഹമ്മദാണ് ഇ.ടിയുടെ മകന്‍ ഇ.ടി ഫിറോസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

നല്‍കാനുള്ള പണം ചോദിച്ചപ്പോള്‍ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതായും പ്രവാസിയായ മുഹമ്മദ് പറഞ്ഞു. വണ്ടിച്ചെക്ക് കേസ് നാദാപുരം കോടതിയുടെ പരിഗണനയിലാണ്.

പ്രാദേശിക മുസ്‌ലിം ലീഗ് നേതാക്കള്‍ മുഖേന ഇ.ടി മുഹമ്മദ് ബഷീറിനെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ലെന്നും മുഹമ്മദ് പറയുന്നു.

കോഴിക്കോട് ബാങ്ക് റോഡിലെ ഗള്‍ഫ് ബസാറിലെ മുറികള്‍ വില്‍പ്പന നടത്തിയാണ് ഇ ടി ഫിറോസും സംഘവും പണം തട്ടിയത്. 2009ല്‍ മൂന്ന് മുറികള്‍ 30 ലക്ഷം രൂപ നിരക്കില്‍ വിറ്റു. കുറച്ച് മാസങ്ങള്‍ക്കുശേഷം മൂന്ന് മുറിയും തിരികെ വാങ്ങി.

1.17 കോടി രൂപ വിലയിട്ടാണ് കട തിരിച്ചെടുത്തത്. മൂന്ന് മുറികള്‍ മാത്രമായി ഒരാളുടെ കൈവശമായത് മറ്റുള്ളവയുടെ കച്ചവടത്തിന് തടസ്സമാണെന്ന് പറഞ്ഞാണ് തിരിച്ചു വാങ്ങിയത്.

പല തവണയായി ഒരു കോടിക്കടുത്ത് നല്‍കി. ബാക്കി 20 ലക്ഷം രൂപ തിരികെ ലഭിക്കാന്‍ മുഹമ്മദ് പത്തുവര്‍ഷമായി ഫിറോസിന്റെ പിന്നാലെ നടക്കുകയാണെന്ന് മുഹമ്മദ് പറയുന്നു.

ഇതോടെയാണ് രണ്ട് വര്‍ഷം മുമ്പ് നാദാപുരം കോടതിയില്‍ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിന് കേസ് നല്‍കിയത്. ദുബായില്‍ ‘ഡീലക്‌സ് ലോണ്‍ട്രി’ എന്ന പേരില്‍ ലോണ്‍ട്രി സര്‍വീസ് നടത്തുകയാണ് മുഹമ്മദ്.

അതേസമയം സംഭവത്തെക്കുറിച്ച അറിയില്ലെന്നും മകന്റെ ബിസിനസ് കാര്യത്തില്‍ ഇടപെടാറില്ലെന്നും ഇ.ടി മുഹമ്മദ്ബഷീര്‍ എം.പി പ്രതികരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highligght: E.T Muhammad Basheer