മുസ്‌ലിം സമുദായത്തിന് നഷ്ടമുണ്ടാകില്ലെന്ന് പറഞ്ഞ സതീശനോട് യോജിപ്പില്ല; പ്രതിക്ഷനേതാവിനെ തള്ളി ലീഗ്
Kerala News
മുസ്‌ലിം സമുദായത്തിന് നഷ്ടമുണ്ടാകില്ലെന്ന് പറഞ്ഞ സതീശനോട് യോജിപ്പില്ല; പ്രതിക്ഷനേതാവിനെ തള്ളി ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th July 2021, 2:57 pm

കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് ഒരു സമുദായത്തിനും നഷ്ടമുണ്ടായിട്ടില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് മുസ്‌ലിം ലീഗിന് യോജിപ്പില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തികച്ചും വഞ്ചനാപരവും യോജിക്കാന്‍ കഴിയാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ മുസ്‌ലിം സമുദായത്തിന് നഷ്ടമുണ്ടാകില്ലെന്ന് സതീശന്‍ പറഞ്ഞിരുന്നെങ്കില്‍ അത് തെറ്റാണ്. ആര്‍ക്കും അത് മനസ്സിലാകും.  പ്രതിപക്ഷ നേതാവിന് അത് മനസ്സിലായോ എന്ന് അറിയില്ല. സതീശന്‍ അക്കാര്യം പഠിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു

സര്‍ക്കാര്‍ നിലപാട് സ്വാഗതം ചെയ്യില്ലെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുസ്‌ലിം വിഭാഗത്തിനാണ്. മറ്റ് വിഭാഗങ്ങള്‍ക്ക് വേറെ സ്‌കീം വരണമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ ഭാഗികമായി തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നാണ് സതീശന്‍ പറഞ്ഞത്. നിലവില്‍ സ്‌കോളര്‍ഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്ടമുണ്ടായിട്ടില്ലെന്ന് സതീശന്‍ പറഞ്ഞു.

മുസ്‌ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അങ്ങനെ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമെന്നും സതീശന്‍ കോട്ടയത്ത് പറഞ്ഞു.

നിലവിലുള്ള സ്‌കോളര്‍ഷിപ്പ് കുറയ്ക്കാത്തതിനെയും മറ്റ് സമുദായത്തിന് കൂടി ആനുപാതികമായി സ്‌കോളര്‍ഷിപ്പ് കൊടുക്കാനുള്ള തീരുമാനത്തെയും സ്വാഗതം ചെയ്യുന്നു.  എന്നാല്‍ മുസ്‌ലിം ലീഗിന്റെ പരാതി സര്‍ക്കാര്‍ പരിഹരിക്കണം. ലീഗ് ആവശ്യം യു.ഡി.എഫ്. ചര്‍ച്ച ചെയ്യുമെന്നും സതീശന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS:E.T. Muhammad Basheer Says do not agree with V.D Satheesan who said that there will be no loss to the Muslim community