കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍. മുസ്ലിം ലീഗ് ഒരിക്കലും മുനമ്പത്തേത് വഖഫ് ഭൂമി അല്ല എന്ന നിലപാട് എടുത്തിട്ടില്ലെന്നും കെ.എം. ഷാജിയുടെ നിലപാപാട് ശരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും പറഞ്ഞ കാര്യങ്ങള്‍ വിവാദമാക്കേണ്ടതില്ല എന്ന് പറഞ്ഞ ഇ.ടി. ബഷീര്‍ മുനമ്പത്തേത് വഖഫ് ഭൂമി അല്ല എന്ന് സാദിഖലി തങ്ങള്‍ ഒരിക്കല്‍പോലും പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. മുനമ്പം വിഷയത്തില്‍ താന്‍ ആദ്യമായാണ് പരസ്യ നിലപാട് സ്വീകരിക്കുന്നതെന്ന് പറഞ്ഞ ഇ.ടി. ബഷീര്‍ എല്ലാത്തിനും അതിന്റേതായ രേഖയുണ്ടെന്നും പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മീഷന് ഇത് മുമ്പ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനാല്‍ വഖഫ് ഭൂമിയാണ് എന്ന സത്യം നിലനിര്‍ത്തി ഈ വിഷയത്തില്‍ പ്രശ്നപരിഹാരം നടത്തണമെന്ന് പറഞ്ഞ ഇ.ടി ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവുമായി ഏറ്റുമുട്ടലിനില്ലെന്നും പ്രതികരിച്ചു.
മുനമ്പം വിഷയത്തില്‍ കഴിഞ്ഞ ദിവസം കെ.എം. ഷാജി പറഞ്ഞത് ലീഗിന്റെ നിലപാട് അല്ലെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു. കോഴിക്കോട് മുസ്ലിം സംഘടനകളുടെ യോഗത്തില്‍ എടുത്തതാണ് ലീഗ് നിലപാടെന്നും അല്ലാതെ പ്രസംഗത്തില്‍ പലരും പറയുന്നത് പാര്‍ട്ടി നിലപാട് അല്ലെന്നുമായിരുന്നു സാദിഖി തങ്ങള്‍ പറഞ്ഞത്.
കാസര്‍ഗോഡ് ചട്ടംചാലില്‍ നടന്ന മുസ്ലിം ലീഗിന്റെ പൊതുയോഗത്തില്‍ വെച്ച് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് കെ.എം. ഷാജി ആവര്‍ത്തിച്ചിരുന്നു. കേവലം ഭൂമി പ്രശ്നം മാത്രമായിരുന്നെങ്കില്‍ മുനമ്പം വിഷയത്തില്‍ തങ്ങള്‍ക്കെന്താണ് റോളെന്ന് ചോദിച്ച ഷാജി സാദിഖലി ശിഹാബ് തങ്ങള്‍ മുനമ്പം വിഷയത്തില്‍ ഇടപെട്ടത് അത് വഖഫ് ഭൂമി ആയതുകൊണ്ട് മാത്രമാണെന്നും പറഞ്ഞു.
ഏതെങ്കിലും നാട്ടില്‍ കുറെ ആളുകള്‍ സ്ഥലം വാങ്ങിയ രേഖകളില്‍ പ്രശ്നങ്ങളുണ്ടെന്ന് കരുതി അത് പരിഹരിക്കാന്‍ സാദിഖലി തങ്ങള്‍ പോകുമോയെന്ന് ചോദിച്ച ഷാജി, വഖഫ് ഭൂമി ആയതുകൊണ്ടാണ് സാദിഖലി തങ്ങള്‍ മുനമ്പത്ത് നേതൃത്വപരമായ ഇടപെടല്‍ നടത്തിയതെന്നും പറഞ്ഞു.
എന്നാല്‍ ഷാജിയെ തള്ളി മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. ആരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
Content Highlight: E.T. Basheer said that Munambam is definitely Waqf land, We need to maintain this truth and take decision