പാലക്കാട്: ബി.ജെ.പി ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന് പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. താന്‍ എത്തിയ ശേഷം ബി.ജെ.പി വലിയ മുന്നേറ്റം കാഴ്ചവെച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീധരന്‍ ആവര്‍ത്തിച്ചു. താന്‍ എത്തുന്നതിന് മുന്‍പ് നടത്തിയ സര്‍വേകളായതിനാലാണ് ബി.ജെ.പിക്ക് മുന്‍തൂക്കം പ്രവചിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
‘നാട്ടുകാരെല്ലാം എനിക്ക് വോട്ട് ചെയ്യാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ബി.ജെപി.യുടെ മുഖച്ഛായ തന്നെ മാറി. 15 ശതമാനം വരെ അധികം വോട്ട് കിട്ടും. 32 ശതമാനമൊക്കെ വോട്ട് കിട്ടിയാല്‍ അധികാരത്തില്‍ വരാന്‍ ഒരു പ്രശ്‌നവുമില്ല. ഇനി അധികാരത്തില്‍ വന്നില്ലെങ്കില്‍ തന്നെ കിങ് മേക്കറാകും.
ബി.ജെ.പി ജയിച്ചാല്‍ അവരാണ് നിശ്ചയിക്കേണ്ടത് ആരാണ് മുഖ്യമന്ത്രി ആവേണ്ടതെന്ന്. ഞാന്‍ ആവശ്യപ്പെടില്ല. അവര്‍ നിശ്ചയിക്കുകയാണെങ്കില്‍ ഏറ്റെടുക്കാന്‍ ഒരു മടിയുമില്ല എനിക്ക്,’
ശ്രീധരന്‍ പറഞ്ഞു.
കൂടാതെ സര്‍വേകളെല്ലാം കൃത്രിമം ആണെന്നും താന്‍ ബി.ജെ.പിയില്‍ ചേരുന്നതിന് മുന്‍പാണ് സര്‍വേകള്‍ പുറത്തുവന്നിട്ടുള്ളത് അതിനാല്‍ അതൊന്നും കണക്കിലെടുക്കേണ്ടെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പൊതുവില്‍ തനിക്കുള്ള പ്രതിച്ഛായ പാലക്കാട് തെരഞ്ഞെടുപ്പില്‍ സഹായകരമാകുമെന്നും, സംസ്ഥാനത്ത് ബി.ജെ.പിക്കും ഇത് സഹായകരമാകുമെന്നും ശ്രീധരന്‍ നേരത്തേ പറഞ്ഞിരുന്നു.
‘മാറി മാറി വന്ന ഇടത് -വലത് സര്‍ക്കാരുകള്‍ കേരളത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങള്‍ അതിവേഗമാണ് പുരോഗതിയിലേക്ക് നീങ്ങുന്നത്. എന്നാല്‍ കേരളം മിക്ക കാര്യങ്ങളിലും പിന്നിലാണ്,’ ശ്രീധരന്‍ പറഞ്ഞിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു ഇ. ശ്രീധരന്റെ ബി.ജെ.പി പ്രവേശനം. ഫെബ്രുവരി 25നാണ് ശ്രീധരന്‍ ബി.ജെ.പിയില്‍ നിന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക