തിരുവനന്തപുരം: വോട്ടര്‍മാര്‍ കാല്‍ കഴുകി സ്വീകരിച്ച വിവാദത്തില്‍ മറുപടിയുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ.ശ്രീധരന്‍. കാല്‍ കഴുകലും ആദരിക്കലും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും വിവാദമാക്കുന്നവര്‍ സംസ്‌കാരമില്ലാത്തവരാണെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
‘നമ്മുടെ ഭാരതീയ സംസ്‌കാരമാണത്. ഭാരതീയ സംസ്‌കാരം ചെയ്യുന്നതില്‍ എന്താണ് തെറ്റ് ? അതില്‍ തെറ്റ് പറയുന്നവര്‍ക്ക് സംസ്‌കാരം ഇല്ലായെന്നല്ലേ അര്‍ത്ഥം, അവര്‍ക്ക് ദേശഭക്തി ഇല്ലായെന്നല്ലേ അര്‍ത്ഥം,’ ഇ. ശ്രീധരന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രചാരണയാത്രക്കിടെ ശ്രീധരന്റെ കാല്‍ കഴുകുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഇ. ശ്രീധരനെ മാലയിട്ട്, കാല്‍ കഴുകി വോട്ടര്‍മാര്‍ സ്വീകരിക്കുന്ന ചിത്രങ്ങളാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ഇതുകൂടാതെ ശ്രീധരന്റെ കാല്‍ തൊട്ടു വന്ദിക്കുന്ന ചിത്രങ്ങളും വന്നിരുന്നു.
പ്രാചീന കാലത്തെ സാസ്‌കാരിക മൂല്യങ്ങളാണ് ചിത്രം ഉയര്‍ത്തുന്നതെന്നും ജാതീയതയും സവര്‍ണ മനോഭാവവുമാണ് പ്രകടമാകുന്നതെന്നുമാണ് ഉയര്‍ന്ന വിമര്‍ശനങ്ങളിലൊന്ന്. രാജവാഴ്ചയല്ല, ജനാധിപത്യമാണ് നമ്മുടെ നാട്ടില്‍ പിന്‍തുടരുന്നതെന്ന് ഇതുവരെ ശ്രീധരന് മനസ്സിലായിട്ടില്ലെന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി മുന്നോട്ടുവെക്കുന്ന ആശയങ്ങളെന്താണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ വിവാദങ്ങളോട് ബി.ജെ.പി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക