കൊച്ചി: നിര്‍മ്മിച്ച് രണ്ടര വര്‍ഷത്തിനുള്ളില്‍ പാലാരിവട്ടം പാലം പൊളിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഇ.ശ്രീധരന്‍. പാലാരിവട്ടം പാലം മുഴുവനായി പൊളിക്കില്ലെന്നും പൊളിച്ചു പണിയാനുള്ള എല്ലാ സാങ്കേതിക സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പാലം പുനര്‍നിര്‍മ്മിക്കാനുള്ള മേല്‍നോട്ടച്ചുമതലയുള്ള ശ്രീധരന്റെ പ്രതികരണം.
പാലം പൂര്‍ണ്ണമായും പുതുക്കി പണിയാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു ശ്രീധരന്റെ പ്രതികരണം. ഒരു മാസത്തിനകം ജോലികള്‍ തുടങ്ങുമെന്നും പൊളിക്കലും പുനര്‍ നിര്‍മാണവും സമാന്തരമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു വര്‍ഷത്തിനകം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. പുതുക്കി പണിയുന്ന പാലത്തിന്റെ ഡിസൈനുകള്‍ തയ്യാറായിക്കഴിഞ്ഞു. പാലത്തിന്റെ ഫൗണ്ടേഷന്‍ പൊളിക്കേണ്ടതില്ല. പിയറുകളും, പിയര്‍ ക്യാപുകളും ശക്തിപ്പെടുത്തും’, ഇ ശ്രീധരന്‍ വ്യക്തമാക്കി.
പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായും പൊളിച്ച് പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീധരനുമായുള്‌ല ചര്‍ച്ചയ്ക്ക് പിന്നാലെ അറിയിച്ചിരുന്നു. മേല്‍നോട്ടച്ചുമതല ഇ.ശ്രീധരനെ ഏല്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പാലം ഗതാഗതയോഗ്യമാക്കാന്‍ പുനരുദ്ധാരണമോ ശക്തിപ്പെടുത്തലോ മതിയാവില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തി ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ച ഗൗരവമേറിയതാണെന്നാണ് ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നത്. പുനരുദ്ധരിച്ചാല്‍ എത്രകാലം ഉപയോഗിക്കാനാവും എന്നത് പറയാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.