തിരുവനന്തപുരം: മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്ന് ഡി.എം.ആർ.സി ചെയർമാൻ ഇ ശ്രീധരൻ. വാർത്താ ഏജൻസിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിൽ എതിർപ്പില്ല. ബി.ജെ.പിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്’, ഇ. ശ്രീധരൻ പറഞ്ഞു.
ഗവർണർ സ്ഥാനത്തോട് താത്പര്യമില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു.
അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും മത്സരിക്കാൻ പാലക്കാട് വേണമെന്നുമാണ് ശ്രീധരൻ പറഞ്ഞത്.
കഴിഞ്ഞ ദിവസമായിരുന്നു താൻ ബി.ജെ.പിയിൽ ചേരുമെന്ന് ഇ ശ്രീധരൻ പ്രഖ്യാപിക്കുന്നത്. ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരൻ പറഞ്ഞത്. കേരളത്തിൽ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാൻ ബി.ജെ.പി അധികാരത്തിൽ വരണമെന്നും ശ്രീധരൻ പറഞ്ഞു.ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരൻ പാർട്ടിയിൽ ചേരുന്നുവെന്ന് അറിയിച്ചത്. ബി.ജെ.പിയുടെ വിജയയാത്രാ വേളയിൽ പാർട്ടിയിൽ ചേരുമെന്നാണ് സുരേന്ദ്രൻ അറിയിച്ചത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
താൻ ബി.ജെ.പിയിൽ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക