ഞാനൊരു സമ്പൂര്‍ണ വെജിറ്റേറിയന്‍, ആരും മാംസം കഴിക്കുന്നതും എനിക്ക് ഇഷ്ടമല്ല: ഇ. ശ്രീധരന്‍
Kerala News
ഞാനൊരു സമ്പൂര്‍ണ വെജിറ്റേറിയന്‍, ആരും മാംസം കഴിക്കുന്നതും എനിക്ക് ഇഷ്ടമല്ല: ഇ. ശ്രീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th February 2021, 11:16 pm

ന്യൂദല്‍ഹി: ബീഫ് നിരോധനത്തെയും ബി.ജെ.പി സര്‍ക്കാരിന്റെ ലൗ ജിഹാദ് നിയമനിര്‍മ്മാണത്തെയും പരോക്ഷമായി പിന്തുണച്ച് ഡി.എം.ആര്‍.സി ചെയര്‍മാന്‍ ഇ.ശ്രീധരന്‍. എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

താനൊരു സമ്പൂര്‍ണ്ണ വെജിറ്റേറിയന്‍ ആണെന്നും മാംസം കഴിക്കുന്നവരെ ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഞാനൊരു വെജിറ്റേറിയനാണ്. മുട്ട പോലും കഴിക്കാറില്ല. അതുകൊണ്ട് തന്നെ ആളുകള്‍ മാംസം കഴിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ലൗ ജിഹാദ് വിഷയങ്ങളെ സംബന്ധിച്ച്, കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഞാന്‍ കാണുന്നുണ്ട്. വിവാഹത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ വഞ്ചിക്കപ്പെടുന്നു. അവര്‍ പിന്നീട് കഷ്ടപ്പെടുന്നു. ഹിന്ദുക്കള്‍ മാത്രമല്ല. മുസ്‌ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളും വിവാഹത്തിന്റെ പേരില്‍ കബളിപ്പിക്കപ്പെടുന്നു. അത്തരമൊരു കാര്യം എന്തായാലും ഞാന്‍ എതിര്‍ക്കും’, ശ്രീധരന്‍ പറഞ്ഞു.

അഭിമുഖത്തില്‍ ബി.ജെ.പിയെ പുകഴ്ത്തിയും ശ്രീധരന്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പി വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്നും ദേശസ്‌നേഹികളുടെ പാര്‍ട്ടിയാണെന്നുമായിരുന്നു ശ്രീധരന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസമായിരുന്നു താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഇ ശ്രീധരന്‍ പ്രഖ്യാപിക്കുന്നത്. ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരന്‍ പറഞ്ഞത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് അറിയിച്ചത്. ബി.ജെ.പിയുടെ വിജയയാത്രാ വേളയില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് എത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താന്‍ ബി.ജെ.പിയില്‍ ചേരുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. വാര്‍ത്താ ഏജന്‍സിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്’, ഇ. ശ്രീധരന്‍ പറഞ്ഞു.

ഗവര്‍ണര്‍ സ്ഥാനത്തോട് താത്പര്യമില്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റുമെന്നും മത്സരിക്കാന്‍ പാലക്കാട് വേണമെന്നുമാണ് ശ്രീധരന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: E Sreedharan Comment On Beef Bann And Love Jihad Indirectly