ഞാന്‍ വന്നതോടെ ബി.ജെ.പി ആകെ മാറി: ഇ. ശ്രീധരന്‍
Kerala Election 2021
ഞാന്‍ വന്നതോടെ ബി.ജെ.പി ആകെ മാറി: ഇ. ശ്രീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th March 2021, 2:22 pm

തിരുവനന്തപുരം: താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ മാറിയതായി ഇ. ശ്രീധരന്‍. നിരവധിയാളുകളാണ് തന്റെ പാര്‍ട്ടി പ്രവേശനത്തിന് പിന്നാലെ ബി.ജെ.പി അനുകൂല മനോഭാവവുമായി മുന്നോട്ട് വന്നിട്ടുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘മാറിയ ഈ സാഹചര്യത്തില്‍ 40 മുതല്‍ 75 വരെ സീറ്റുകള്‍ സംസ്ഥാനത്ത് നേടാനാവും. 70 സീറ്റിന് മുകളില്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തടസമുണ്ടാവില്ല,’ ഇ.ശ്രീധരന്‍ പറഞ്ഞു.

രാജ്യത്ത് പൊതുവില്‍ തനിക്കുള്ള പ്രതിച്ഛായ പാലക്കാട് തെരഞ്ഞെടുപ്പില്‍ സഹായകരമാകും, സംസ്ഥാനത്ത് ബി.ജെ.പിക്കും ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘മാറി മാറി വന്ന ഇടത് -വലത് സര്‍ക്കാരുകള്‍ കേരളത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങള്‍ അതിവേഗമാണ് പുരോഗതിയിലേക്ക് നീങ്ങുന്നത്. എന്നാല്‍ കേരളം മിക്ക കാര്യങ്ങളിലും പിന്നിലാണ്,’ ശ്രീധരന്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു ഇ. ശ്രീധരന്റെ ബി.ജെ.പി പ്രവേശനം. ഫെബ്രുവരി 25നാണ് ശ്രീധരന്‍ ബി.ജെ.പിയില്‍ നിന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്.

പാര്‍ട്ടിപ്രവേശനം ജീവിതത്തിലെ പുതിയ അധ്യായമാണെന്ന് ശ്രീധരന്‍ പറഞ്ഞിരുന്നു. 67 വര്‍ഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാന്‍ ബി.ജെ.പി തന്നെ വേണം എന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരന്‍ പറഞ്ഞത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്ന് ഇ ശ്രീധരന്‍ പറഞ്ഞിരുന്നു. ‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ല. ബി.ജെ.പിയെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്’ എന്നായിരുന്നു ഇ. ശ്രീധരന്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: E Sreedharan BJP Kerala Election 2021