[share]
[] കൊച്ചി: അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യാവിഷനിലെ പത്രപ്രവര്‍ത്തകരുടെ സമരത്തെത്തുടര്‍ന്ന് ന്യൂസ് എഡിറ്റര്‍ ഇ.സനീഷ് രാജിവച്ചു. ജോലി ചെയ്യാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യപ്പെട്ട് മാനേജ്‌മെന്റിനോട് സംസാരിക്കാന്‍ നേതൃത്വം നല്‍കിയവരെ വഞ്ചനാപരമായി പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഇന്ത്യാവിഷനില്‍ ജോലി ചെയ്തുവരുന്ന സനീഷ് ഇന്ത്യാവിഷന്റെ തുടക്കത്തില്‍ രണ്ട് വര്‍ഷക്കാലം ജോലി ചെയ്യുകയും പിന്നീട് ഏഷ്യാനെറ്റില്‍ നാല് വര്‍ഷക്കാലം ജോലി ചെയ്ത ശേഷം വീണ്ടും ഇന്ത്യാവിഷനിലേക്ക് തന്നെ വരികയായിരുന്നു.
ചാര്‍ജെടുത്ത കാലം മുതല്‍ക്കുതന്നെ ജേര്‍ണലിസ്റ്റുകള്‍ക്കാവശ്യമായ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കമമെന്ന് സനീഷ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലവും ഈ ആവശ്യവുമായി നിരന്തരമായി മാനോജ്‌മെന്റിനെ സമീപിച്ചിരുന്നു.
എന്നാല്‍ താന്‍ ഇന്ത്യാവിഷനില്‍ നിന്ന് വിട്ട് ഏഷ്യാനെറ്റിലേക്ക് പോയപ്പോഴുണ്ടായിരുന്ന അതേ സാഹചര്യമാണ് തിരിച്ചുവന്നപ്പോഴും ചാനലിലുണ്ടായിരുന്നതെന്ന് സനീഷ് പറയുന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അതേ സാങ്കേതിക സംവിധാനങ്ങള്‍ തന്നെയാണ് ചാനലില്‍ ഇപ്പോഴും ഉള്ളത്. ഇതേ കാരണം കൊണ്ടാണ് നികേഷ് കുമാറും ചാനല്‍ വിട്ടതെന്നാണ് താന്‍ മനസിലാക്കുന്നത്.
തങ്ങള്‍ ജേര്‍ണലിസ്റ്റുകള്‍ ഉണ്ടാക്കിയ ക്രെഡിബിലിറ്റി ചിലര്‍ അഴിമതിക്കായി ഉപയോഗിക്കുന്നുവെന്ന് അറിഞ്ഞപ്പോഴാണ് അന്വേഷണത്തിന് ആവശ്യപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടതും.
എന്നാല്‍ തത്വത്തില്‍ അത് അംഗീകരിച്ച സമയത്താണ് ഞങ്ങള്‍ക്ക് വേണ്ടി വാദിച്ച എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എംപി ബഷീറിനെയും കോര്‍ഡിനേറ്റിങ് എഡിറ്റര്‍ ഉണ്ണികൃഷ്ണനെയും പുറത്താക്കിക്കൊണ്ടുള്ള നടപടിയെടുത്തത്.
ഞാന്‍ ഏഷ്യാനെറ്റില്‍ നിന്നും ഇന്ത്യാവിഷനിലേക്ക് തിരിച്ചെത്തിയത് സാമ്പത്തികമായ ലാഭം പ്രതീക്ഷിച്ചായിരുന്നില്ല. ഇന്ത്യാവിഷന്റെ ന്യൂസ് കള്‍ച്ചറിലും എംപി ബഷീറിന്റെ നേതൃത്വത്തിലുള്ള ന്യൂസ് ടീമിലുമുള്ള വിശ്വാസം കാരണമായിരുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യവുമായി മാനേജ്‌മെന്റിനെ ഒറ്റക്കെട്ടായി സമീപിച്ച ഘട്ടത്തിലായിരുന്നു പുറത്താക്കല്‍ നടപടി. ചാനല്‍ പ്രൊഷണലല്ലാതെ പ്രാകൃത രീതിയില്‍ തന്നെ നിര്‍ത്തണമെന്നത് മാനേജ്‌മെന്റിന്റെ വാശിയാണെന്ന് തോന്നുന്നു.
ഇന്ത്യാവിഷനെ പ്രൊഫഷണലൈസ് ചെയ്യാന്‍ ശ്രമിക്കാമെന്ന മാധ്യമപ്രവര്‍ത്തകര്‍ മുനീറിനോട് പറഞ്ഞിരുന്നതാണ്. മലയാളികള്‍ വാര്‍ത്തക്ക് വേണ്ടി കൂടുതല്‍ സമീപിക്കുന്ന ചാനല്‍ ആയിട്ടുകൂടിയാണ് മാനേജ്‌മെന്റിന്റെ ഇത്തരത്തിലുള്ള ഈ സമീപനമെന്നും സനീഷ് പറയുന്നു.