മന്ത്രിസഭാ യോഗ അധ്യക്ഷന്റെ ചുമതല ഇ.പി ജയരാജന്; വിജ്ഞാപനം ഇറങ്ങി
Kerala News
മന്ത്രിസഭാ യോഗ അധ്യക്ഷന്റെ ചുമതല ഇ.പി ജയരാജന്; വിജ്ഞാപനം ഇറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd September 2018, 6:20 pm

തിരുവനന്തപുരം: മന്ത്രിസഭാ യോഗ അധ്യക്ഷനായി ഇ.പി ജയരാജനെ ചുമതലപ്പെടുത്തി വിജ്ഞാപനം പുറത്തിറങ്ങി. എന്നാല്‍ മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല കൈമാറിയിട്ടില്ല. ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗ അധ്യക്ഷന്റെ ചുമതല മന്ത്രി ഇ.പി ജയരാജന് നല്‍കിയത്.

വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ അസാനിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് മന്ത്രിസഭയിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായ ഇ.പി.ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Read: റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി വീണ ജോര്‍ജ് എം.എല്‍.എ

മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു. ഭരണരംഗത്ത് ഇതുവരെ എങ്ങനെയാണോ അതുപോലെ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാംപില്‍ നിന്ന് പോകുന്നവര്‍ക്ക് നല്‍കുമെന്ന പ്രഖ്യാപിച്ച 10000 രൂപ എല്ലാവര്‍ക്കും നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി ഇ.പി ജയരാജന് മുഖ്യമന്ത്രിയുടെ അധ്യക്ഷ ചുമതല നല്‍കിയ പാര്‍ട്ടി നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തുവന്നിരുന്നു. നൂറു ദിവസം പോലും തികച്ച് ഭരണ പരിചയം ഇല്ലാത്ത ഒരാള്‍ക്ക് തന്നെ ഇത്ര നിര്‍ണായക സമയത്ത് മുഖ്യമന്ത്രിയുടെ ചുമതല നല്‍കിയതിലെ ഔചിത്യക്കുറവ് സി.പി.എമ്മിന് മനസ്സിലാവാത്തതാണോയെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ബല്‍റാം ചോദിച്ചിരുന്നു.

Read:  വ്യാജ പ്രചരണം; ജേക്കബ്ബ് വടക്കാഞ്ചേരിക്കെതിരെ കേസെടുക്കണമെന്ന് ആരോഗ്യമന്ത്രി; ഡി.ജി.പിക്ക് പരാതി നല്‍കി

ജയരാജന് ഉള്ള പരിചയം “അത്ര അഭിമാനകരമല്ലാത്ത”താണെന്നും ബല്‍റാം പറയുന്നുണ്ട്. അത്രയ്ക്ക് ടാലന്റ് ഡെഫിസിറ്റ് ഈ മന്ത്രിസഭയ്ക്കുണ്ടെന്ന് വിമര്‍ശകര്‍ പോലും പറയില്ലെന്നും, “ഞങ്ങടെ പാര്‍ട്ടി, ഞങ്ങടെ സര്‍ക്കാര്‍ എന്നാണ് നിലപാടെങ്കില്‍ പിന്നെ ഒന്നും പറയാനില്ലെ”ന്നും ബല്‍റാം ചോദിക്കുന്നുണ്ട്.