| Saturday, 4th March 2023, 9:14 pm

പിണറായിയും കുടുംബവും നാടിന്റെ ഐശ്വര്യം; വേട്ടയാടാന്‍ ആസൂത്രിത ശ്രമം നടക്കുന്നു: ഇ.പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പിണറായിയുടെ കുടുംബം നാടിന്റെ ഐശ്വര്യമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന രാഷ്ട്രീയ പ്രതിരോധ ജാഥയില്‍ സംസാരിക്കുകയായിരുന്നു ഇ.പി.

കറുത്ത തുണിയില്‍ കല്ലും കെട്ടി ആക്രമണത്തിന് മുതിര്‍ന്നാല്‍ ജനങ്ങള്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്ന് പറഞ്ഞ അദ്ദേഹം യു.ഡി.എഫ് നാശത്തിന്റെ പടുകുഴി സൃഷ്ടിച്ചെന്നും കുറ്റപ്പെടുത്തി.

‘മുഖ്യമന്ത്രിയെ കുറിച്ച് എന്തും വിളിച്ച് പറയാമെന്ന് എം.എല്‍.എ മാത്യു കുഴല്‍നാടന്‍ കരുതണ്ട. കേരളത്തിന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്നവരാണ് യു.ഡി.എഫ്. നിപയും പ്രളയവും വന്ന് ഈ നാട് നശിക്കണമെന്നാണ് അവരാഗ്രഹിക്കുന്നത്,’ ഇ.പി. ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങളില്‍ കറുത്ത തുണി ധരിക്കരുതെന്ന ആരോപണം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ വാഹനങ്ങളുടെ മുന്നിലേക്ക് ചാടാനായി ചാവേറുകളെ അയക്കുകയാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു.

നിയമ സഭാ സമ്മേളനത്തിനിടെ സ്വപ്‌ന സുരേഷും പിണറായി വിജയനും ശിവശങ്കറും ചേര്‍ന്ന് ക്ലിഫ് ഹൗസില്‍ രഹസ്യ യോഗം ചേര്‍ന്നെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഇ.പി. ജയരാജന്റെ പരാമര്‍ശം.

പ്രതിരോധ ജാഥയിലെ ഇ.പി. ജയരാജന്റെ അഭാവം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇ.പിയുമായി പാര്‍ട്ടി നേതൃത്വം ഇടഞ്ഞെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ ആരോപണങ്ങളെ തള്ളി പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ടെത്തി. തുടര്‍ന്ന് എ.കെ.ജി. സെന്ററില്‍ വെച്ച് ഇ.പിയുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് തൃശൂരിലെ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹമെത്തിയത്.

Content Highlight: E.P Jayarajan speech in M.V Govindans prathirodha jatha

We use cookies to give you the best possible experience. Learn more