| Thursday, 3rd April 2025, 11:26 am

കേരള പ്രമേയത്തിനെതിരായ പരാമര്‍ശം; രാഷ്ട്രീയത്തെയും സിനിമയെയും വേര്‍തിരിച്ച് കാണാന്‍ സുരേഷ് ഗോപിക്ക് കഴിയുന്നില്ല: ഇ.പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വഖഫ് ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ പ്രമേയം അറബിക്കടലില്‍ പതിക്കുമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശം ഒരു കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ലെന്ന് സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജന്‍.

രാഷ്ട്രീയ വിഷയങ്ങളെ ശരിയായ രീതിയില്‍ നിരീക്ഷിച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനമല്ല സുരേഷ് ഗോപിയുടേതെന്നും ഇ.പി. ജയരാജന്‍ വിമര്‍ശിച്ചു. ഉത്തരവാദിത്തമുള്ള മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാള്‍ ആ സ്ഥാനത്തിന്റെ മഹിമ മനസിലാക്കണമെന്നും ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനാവശ്യമായ പ്രസ്താവനകള്‍ നടത്തി സംസ്ഥാന സര്‍ക്കാരിന്റെ അവകാശത്തെ പരസ്യമായി പരിഹസിക്കുന്ന പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയതെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപി തെറ്റ് മനസിലാക്കണമെന്നും ജനാധിപത്യ സംവിധാനങ്ങള്‍ക്കെതിരായ അവഹേളനമാണ് മന്ത്രിയില്‍ നിന്ന് ഉണ്ടായതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ഭരണഘടനയും ചട്ടങ്ങളും മനസിലാക്കി പ്രതികരിക്കണം. രാഷ്ട്രീയത്തെയും സിനിമയെയും വേര്‍തിരിച്ച് കാണാന്‍ സുരേഷ് ഗോപിക്ക് കഴിയുന്നില്ലെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

വഖഫ് ബില്‍ ഉപയോഗിച്ച് ബി.ജെ.പി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി പി. രാജീവും വിമര്‍ശിച്ചു. മുനമ്പം പരിഹരിക്കാന്‍ വേണ്ടി ബില്‍ കൊണ്ടുവന്ന രീതിയിലാണ് കേരളത്തിലെ ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യമായിട്ടാണ് മുസ്‌ലിം വിഭാഗത്തില്‍ ഇല്ലാത്തയാള്‍ വഖഫിന്റെ ഭാഗമാകുന്നതെന്നും മന്ത്രി പറഞ്ഞു.

വിവാദമായ വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട പ്രമേയം ഒക്ടോബര്‍ 14നാണ് കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയത്. ഭരണഘടനയിലെ ഫെഡറല്‍ തത്വങ്ങളെ ബില്‍ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രമേയം പാസാക്കിയത്.

മന്ത്രി വി അബ്ദുറഹ്‌മാനായിരുന്നു നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. കേരളത്തിന് പുറമെ തമിഴനാടും സമാനമായ പ്രമേയം പാസാക്കിയിരുന്നു.

ഇന്നലെ (ബുധന്‍) ലോക്‌സഭ പാസാക്കിയ വഖഫ് ബില്‍ ഇന്ന് (വ്യാഴം) രാജ്യസഭയില്‍ പരിഗണിക്കും. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് നിലനില്‍ക്കെയാണ് ലോക്‌സഭയില്‍ വഖഫ് ബില്‍ പാസായത്. അനുകൂലമായി 288 വോട്ടുകളും എതിര്‍ത്ത് 232 വോട്ടുകളും ലഭിച്ചതോടെ, അര്‍ധരാത്രി വരെ നീണ്ടുനിന്ന നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ബില്‍ പാസാക്കുകയായിരുന്നു.

വഖഫ് ബില്ലില്‍ 520 പേരാണ് വോട്ട് ചെയ്തത്. സഭയില്‍ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിന് മുകളില്‍ വോട്ട് ലഭിച്ചാല്‍ ബില്‍ പാസാകും. അതായത് ബില്‍ പാസാക്കാന്‍ 520 പേരില്‍ 261 പേരുടെ ഭൂരിപക്ഷം മതി.

അതേസമയം വഖഫ് ബില്ലില്‍ കേരളത്തി നിന്നുള്ള എം.പിയായ ജോസ് കെ. മാണി വ്യക്തമായ നിലപാട് അറിയിച്ചിട്ടില്ല. കേന്ദ്രമന്ത്രി കിരണ്‍ റിജുജുവിന്റെ രാജ്യസഭയിലെ പ്രസംഗം കേട്ട ശേഷം നിലപാടെടുക്കുമെന്നാണ് ജോസ് കെ. മാണി മാധ്യമങ്ങളോട് പ്രതികരിച്ചത്.

Content Highlight: E.P. Jayarajan said that Suresh Gopi’s remark that the resolution passed by the state government against the Waqf Bill will be thrown into the Arabian Sea is not befitting of a Union Minister.

Latest Stories

We use cookies to give you the best possible experience. Learn more