| Wednesday, 20th September 2023, 6:59 pm

'അടി നടക്കാത്തത് ഭാഗ്യം, കോണ്‍ഗ്രസ് ഇങ്ങനെ തമ്മിലടിച്ച് നശിക്കരുതെന്നാണ് എന്റെ ആഗ്രഹം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും തമ്മിലുണ്ടായ തര്‍ക്കം രാഷ്ട്രീയ മര്യാദയുള്ളവര്‍ക്ക് ചേര്‍ന്നതല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കോണ്‍ഗ്രസ് ഇങ്ങനെ തമ്മിലടിച്ച് നശിക്കണം എന്ന ആഗ്രഹം ഇടതുപക്ഷത്തിനില്ലെന്നും സാമാന്യ മര്യാദ കാത്തുസൂക്ഷിക്കണമെന്നും ഇ.പി പറഞ്ഞു.

യു.ഡി.എഫില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്നും ഭാവിയില്‍ നിരവധി സംഭവങ്ങള്‍ ഇനിയും പുറത്തുവരുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

‘ആ വീഡിയോ എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അടി നടക്കാത്തത് ഭാഗ്യം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഇങ്ങനെ അടിയും പിടിയും നടത്തരുത് എന്ന ചിന്താഗതിയാണ് എന്റേത്.

അവര്‍ക്ക്(കോണ്‍ഗ്രസ്) വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് സംരക്ഷണം മതിയാകുമോ എന്നാണ് സംശയം. ഇതെല്ലാം ഓരോ പാര്‍ട്ടിയെക്കുറിച്ച് മനസിലാക്കാന്‍, നേതൃത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണ്. അതുകൊണ്ട് എല്ലാ പാര്‍ട്ടി നേതാക്കളും അവരുടെ നേതൃത്വത്തില്‍ കാണിക്കുന്ന ഉയര്‍ന്നരാഷ്ട്രീയ ചിന്തയും ബോധവുമുണ്ട്. അത് നഷ്ടപ്പെടരുത്.

നിങ്ങള്‍ കോണ്‍ഗ്രസാണെങ്കില്‍ പോലും, കോണ്‍ഗ്രസ് ഇങ്ങനെ തമ്മിലടിച്ച് നശിക്കണം എന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല. അതുകൊണ്ട് രാഷ്ട്രീയ മാന്യത ഉയര്‍ത്തിപ്പിടിക്കാന്‍ നേതാക്കള്‍ തയ്യാറാകണം. യു.ഡി.എഫില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഇപ്പോള്‍ മൈക്കിന്റെ പേരിലാണ് പ്രശ്‌നം ഇനി എന്തിന്റെയൊക്കെ പേരിലാണ് പ്രശ്‌നമെന്ന് പറയാന്‍ പറ്റില്ല,’ ഇ.പി. ജയരാജന്‍ പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം ആര് സംസാരിക്കുമെന്നതിനെ കുറിച്ചാണ് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായത്.

വാര്‍ത്താസമ്മേളന വേദിയില്‍ ആദ്യമെത്തിയത് സതീശനായിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരന്‍ എത്തുന്നത്. ഇതോടെ സതീശന്‍ തന്റെ മുന്നിലേക്ക് മൈക്കുകളെല്ലാം നീക്കി വെച്ചു. ഇതോടെ ഞാന്‍ തുടങ്ങാം എന്നായി സുധാകരന്‍. എന്നാല്‍ അതിന് സമ്മതിക്കാതെ ‘ഇല്ലല്ല, ഞാന്‍ തുടങ്ങാം’ എന്ന് പറയുകയായിരുന്നു വി.ഡി സതീശന്‍.

‘അതെങ്ങനെയാ, കെ.പി.സി.സി പ്രസിഡന്റ് എന്ന നിലക്ക് ഞാനല്ലേ പറയേണ്ടത്, ഞാന്‍ തുടങ്ങി വെച്ച് ബാക്കി നിങ്ങള്‍ പറഞ്ഞോളൂ’ എന്ന് സുധാകരന്‍ പറഞ്ഞപ്പോഴേക്കും സതീശന്‍ പരസ്യമായി നീരസം പ്രകടിപ്പിക്കുകയും മൈക്കെല്ലാം കൂടി സുധാകരന് മുന്നിലേക്ക് തള്ളിവെക്കുകയുമായിരുന്നു.

ഇതിനിടെ ഷാള്‍ അണിയിക്കാന്‍ വന്നയാളോടും സതീശന്‍ നീരസം പ്രകടിപ്പിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടും ഒന്നും സംസാരിക്കാന്‍ വി.ഡി സതീശന്‍ തയ്യാറായില്ല. എല്ലാം പ്രസിഡന്റ് പറഞ്ഞല്ലോ എന്നായിരുന്നു ഒറ്റവാക്കിലുള്ള സതീശന്റെ മറുപടി.

Content Highlight: E.P. Jayarajan’s responds on dispute between kpcc president- opposition leader in press meet 

We use cookies to give you the best possible experience. Learn more