| Friday, 3rd March 2023, 3:53 pm

രാഷ്ട്രീയം നോക്കിയല്ല സംരംഭങ്ങള്‍ക്ക് സഹായം ചെയ്യുന്നത്; എനിക്കെതിരെയുള്ള ഗൂഢാലോചനയുടെ പ്രഭവ കേന്ദ്രം തലസ്ഥാനം: ഇ.പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, ആരാണ് അതിന് പിന്നിലെന്ന് വ്യക്തമായി അറിയാമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. പറയേണ്ട സമയമാകുമ്പോള്‍ അതെല്ലാം വെളിപ്പെടുത്തുമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ജയരാജന്‍ പറഞ്ഞു.

‘ആരാണ് അതെന്ന് വെളിപ്പെടുത്തുന്നതില്‍ ഇപ്പോള്‍ തടസമൊന്നുമില്ല. പക്ഷെ ഇപ്പോള്‍ നിങ്ങളോട് പറയേണ്ടതില്ലെന്നതുകൊണ്ടാണ് പറയാത്തത്. സമയമാകുമ്പോള്‍ പറയാം. മാധ്യമരംഗത്തുള്ളവരോട് ചോദിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് അത് മനസിലാകും,’ ജയരാജന്‍ പറഞ്ഞു.

എതിര്‍രാഷ്ട്രീയക്കാരേക്കാള്‍ കൂടുതല്‍ അകത്ത് നിന്നാണോ ഗൂഢാലോചന എന്ന ചോദ്യത്തിന് അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു ജയരാജന്റെ മറുപടി. നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ പറഞ്ഞോളൂ, എന്റെ അഭിപ്രായമായി എഴുതേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ന്യൂസ്18ന് നല്‍കിയ അഭിമുഖത്തിലും ഗൂഢാലോചനയെ കുറിച്ച് ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു. വ്യക്തിഹത്യ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് നടന്നതെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗൂഢാലോചനയുടെ പ്രഭവകേന്ദ്രം തലസ്ഥാനമാണെങ്കിലും കണ്ണൂരുമായി അതിന് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംരംഭങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും താന്‍ ഉപദേശങ്ങള്‍ നല്‍കാറുണ്ടെന്നും വ്യവസായങ്ങള്‍ സംരക്ഷിക്കാനായി തന്നാലാകുന്നത് ചെയ്യാറുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

‘ഇപ്പോഴും കണ്ണൂരില്‍ പൂട്ടികിടക്കുന്ന ഒരു വ്യവസായത്തെ എങ്ങനെയെങ്കിലും രക്ഷിക്കാന്‍ കഴിയുമോയെന്ന് നോക്കുകയാണ്. ഇത്തരത്തില്‍ ഒരുപാട് സംരംഭങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. നേരത്തെയും ചെയ്തിട്ടുണ്ട്.

അതൊന്നും രാഷ്ട്രീയം നോക്കിയല്ല ചെയ്യുന്നത്. നമ്മുടെ നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമാണ് ആ സഹായങ്ങള്‍ ചെയ്യാറുള്ളത്,’ ജയരാജന്‍ പറഞ്ഞു.

ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളിലും മാധ്യമങ്ങളോട് സംസാരിക്കവേ ജയരാജന്‍ നിലപാട് വ്യക്തമാക്കി. ജാഥയില്‍ പങ്കെടുക്കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: E P Jayarajan’s latest comment on recent controversies

We use cookies to give you the best possible experience. Learn more