| Friday, 12th March 2021, 4:31 pm

ജയിലില്‍ കിടക്കേണ്ടി വന്നാല്‍ കിടക്കും; നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനാവില്ലെന്ന ഹൈക്കോടതി വിധിയില്‍ ഇ.പി ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിയസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയതില്‍ പ്രതികരണവുമായി മന്ത്രി ഇ.പി ജയരാജന്‍. നിയമ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘നിയമപോരാട്ടം തുടരും. വിധിക്കെതിരെ സുപ്രീംകോടതിയില്‍ പോകും. ജയിലില്‍ കിടക്കേണ്ടി വന്നാല്‍ കിടക്കും,’ ജയരാജന്‍ പറഞ്ഞു.

വെള്ളിയാഴ്ചയാണ് നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞത്.

മന്ത്രി ഇ. പി ജയരാജന്‍, കെടി ജലീല്‍ അടക്കമുള്ള ആറ് എം.എല്‍.എമാര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. രണ്ട് ലക്ഷം രൂപയുടെ പൊതു മുതല്‍ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അന്നത്തെ എം.എല്‍.എമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

നേരത്തെ വിചാരണ കോടതിയിലും സര്‍ക്കാര്‍ ഹരജി നല്‍കിയെങ്കിലും കോടതി അത് തള്ളുകയായിരുന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

പൊതു മുതല്‍ നിശിപ്പിച്ച കേസ് നിലനില്‍ക്കും അതിനാല്‍ എം.എല്‍.എമാര്‍ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി പറഞ്ഞത്.

2015 ല്‍ കെ.എം മാണി ധനമന്ത്രിയായിരിക്കെ ബജറ്റ് അവതരണ വേളയിലാണ് സഭയില്‍ കയ്യാങ്കളിയും സംഘര്‍ഷവും അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് ആറ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു എം.എല്‍.എമാരുടെ പ്രതിഷേധം. പ്രതിഷേധം കയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങിയിരുന്നു. തുടര്‍ന്ന് രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ശിവന്‍കുട്ടിക്കു പുറമേ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതിസ്ഥാനത്ത്.

കേസ് അനാവശ്യമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും പറഞ്ഞാണ് ശിവന്‍കുട്ടി സര്‍ക്കാറിനെ സമീപിച്ചത്. നിയമവകുപ്പില്‍ നിന്നും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ആറ് എം.എല്‍.എമാര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ഇവര്‍ ജാമ്യമെടുക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: E P Jayarajan Response In Niyamasabha Rukus

We use cookies to give you the best possible experience. Learn more