| Tuesday, 21st May 2024, 12:03 pm

ലക്ഷ്യം ഞാനല്ല, പിണറായി ആയിരുന്നു; സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇ.പി ജയരാജൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വധ ശ്രമക്കേസില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.

പ്രതികളുടെ ലക്ഷ്യം താനായിരുന്നില്ലെന്നും പിണറായി വിജയന്‍ ആയിരുന്നു എന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ‘അവരുടെ ഒന്നാമത്തെ ലക്ഷ്യം ഞാനായിരുന്നില്ല. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പോയവരില്‍ ഇന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഞാനും ഉണ്ടായിരുന്നു. എന്നാല്‍ തിരിച്ച് വന്നപ്പോള്‍ പലരും തനിച്ചായിരുന്നു വന്നത്. ഞാന്‍ വന്ന ട്രെയിനില്‍ പിണറായി ഉണ്ടാകുമെന്ന് കരുതിയാണ് വാടക ഗുണ്ടകളെ അയച്ചത്,’ഇ.പി. ജയരാജന്‍ പറഞ്ഞു.

ആര്‍.എസ്.എസിന്റെ ഗുണ്ടകളെ വാടകക്കെടുത്ത് സുധാകരന്‍ നടത്തിയ ഗൂഢാലോചന ആയിരുന്നു അതെന്നും ഇ.പി. ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കേസ് അട്ടിമറിക്കാന്‍ അന്ന് ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെന്ന് കാട്ടി സെഷന്‍സ് കോടതിയില്‍ താന്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഗൂഢാലോചനയുടെ തെളിവുകള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിച്ചോയെന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എത്ര വര്‍ഷം കഴിഞ്ഞാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. ഹൈക്കോടതി വിധി അവസാനത്തെ വിധിയല്ല. ഹൈക്കോടതിക്ക് മുകളില്‍ സുപ്രീം കോടതിയും ഉണ്ട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. കാരണം സുധാകരന്‍ ഇതിന് മുമ്പും പല കേസുകളില്‍ രക്ഷപ്പെട്ട ആളാണ്,’ ഇ.പി. ജയരാജന്‍ പറഞ്ഞു.

കേസില്‍ ഗൂഢാലോചന കുറ്റമായിരുന്നു കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. ഇതില്‍ നേരത്തെ വലിയതുറ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നതാണ്. വിചാരണ നടപടികള്‍ തിരുവനന്തപുരത്ത് തുടങ്ങാനിരിക്കെ 2016ലാണ് കെ. സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

കേസിന്റെ വിചാരണ തടയണമെന്നും പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കി കേസില്‍ കുറ്റവിമുക്തനാക്കണമെന്നും സുധാകരന്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ഹരജിയിലാണ് കെ. സുധാകരന് അനുകൂലമായി ഹൈക്കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചത്.

1995 ഏപ്രില്‍ 12ന് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം കേരളത്തിലേക്ക് മടങ്ങുകയായിരുന്ന ഇ.പി. ജയരാജനെ ട്രെയിനില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കെ. സുധാകരനെതിരായ ആരോപണം. മറ്റ് പ്രതികളുമായി ഇ.പി. ജയരാജനെ വധിക്കാന്‍ തിരുവനന്തപുരത്ത് വെച്ച് സുധാകരന്‍ ഗൂഢാലോചന നടത്തി എന്നായിരുന്നു കേസ്.

Content Highlight: e.p jayarajan against k sudhakaran

We use cookies to give you the best possible experience. Learn more