തൃക്കാക്കര യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയാണെങ്കില്‍ ഇടിച്ചുതകര്‍ക്കും; സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ലെന്ന് ഇ.പി. ജയരാജന്‍
കൊച്ചി: തൃക്കാക്കര യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍. തൃക്കാക്കര യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയാണെങ്കില്‍ ഇടിച്ചുതകര്‍ക്കുമെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. അത് തലയില്‍ വീഴാതെ ചെന്നിത്തല നോക്കണമെന്നും ജയരാജന്‍ പറഞ്ഞു.
തൃക്കാക്കരയില്‍ മികച്ച സ്ഥാനാര്‍ത്ഥിയായിരിക്കും എല്‍.ഡി.എഫിന്റേത്. കേരളം വികസന കുതിപ്പിലാണ്. എല്‍.ഡി.എഫ് സീറ്റ് മൂന്നക്കം കടക്കും. സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. എല്‍ഡിഎഫ് വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിന്റെ ചുമതല. കെ റെയില്‍ സില്‍വര്‍ ലൈന്‍ ചര്‍ച്ച വികസനത്തിന്റെ കരുത്ത് കൂട്ടും. സില്‍വര്‍ ലൈന്‍ ജനവികാരം അനുകൂലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ ചുമതല സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി. ജയരാജനാണ്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.സ്വരാജും പി.രാജീവും മണ്ഡലത്തില്‍ നിന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച എ.എല്‍.എ പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിക്കും.
കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം. എം. ഹസ്സന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഉമ തോമസിന്റെ പേര് മാത്രമാണ് പരിഗണിക്കപ്പെട്ടതെന്നാണ് സൂചന.
സ്ഥാനാര്‍ത്ഥി നിര്‍ണയം പെട്ടെന്ന് തന്നെ പൂര്‍ത്തിയാകുമെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു.
തൃക്കാക്കരയില്‍ പി.ടി. തോമസിന്റെ ഭാര്യ തന്നെ വരണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ പൊതുവികാരമുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷ നേതാവിനോ കെ.പി.സി.സി അധ്യക്ഷനോ എതിരഭിപ്രായം ഇല്ലാത്ത സ്ഥിതിക്ക് അനാവശ്യ ചര്‍ച്ചകള്‍ക്ക് സമയം നല്‍കാതെ എത്രയും പെട്ടെന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണം എന്നായിരുന്നു വി. ഡി. സതീശന്റെ നിലപാട്.
ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ ഡൊമനിക് പ്രസന്റേഷന്‍ അടക്കമുള്ളവര്‍ രംഗത്ത് വരാന്‍ സാധ്യതയുണ്ടെങ്കിലും വിമത സ്വരത്തിന് ഇടം നല്‍കാതെ പ്രതിഷേധം അനുനയിപ്പിക്കാനാവും കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുക.
പി.ടി. തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങള്‍ക്കുള്ള ആത്മബന്ധം ഉമയ്ക്ക് തുണയാവുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
മുന്‍ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സര രംഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുമെന്നും കെ.പി.സി.സി കണക്കൂകൂട്ടുന്നു.
മെയ് 31നാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 3ന് ഫലം പ്രഖ്യാപിക്കും.
Content Highlights: E.p. Jayarajan about Thrikkakara by election