തിരുവനന്തപുരം: മുസ്ലിം പ്രമുഖരുടെ ഇമെയില്‍ ചോര്‍ത്തല്‍ വിവാദത്തില്‍ വ്യാജ കത്ത് തയ്യാറാക്കിയതിന് അറസ്റ്റിലായ ഹൈടെക് സെല്‍ എസ്.ഐ ബിജു സലീമിന് നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ്. പോലീസ് കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.
രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നും ബിജു സലീമിനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടു. പ്രതി ബിജുസലീമിനെ രക്ഷിക്കാന്‍ പോലീസിലെ ഉന്നതവര്‍ ഇടപെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട്ടും തിരുവനന്തപുരത്തും ഗൂഢാലോചന നടത്തിയതായും പോലീസ് അവകാശപ്പെട്ടു. തുടര്‍ന്ന് ബിജു സലീമിനെ ഈ മാസം 27 വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവായി.
ഇ-മെയില്‍ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുമാസമായി സസ്‌പെന്‍ഷനിലായിരുന്ന ബിജുവിനെ ശനിയാഴ്ച രാത്രിയോടെ െ്രെകംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.